
മുംബൈ: ഐപിഎൽ പ്ലേ ഓഫിൽ സ്ഥാനം പിടിക്കാൻ ഇന്ന് വമ്പൻ പോരാട്ടം. നിർണായക മത്സരത്തിൽ മുംബൈയും ഡൽഹിയും ഏറ്റുമുട്ടും. വാങ്കഡേ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഗുജറാത്തിനും ബെംഗളൂരുവിനും പഞ്ചാബിനുമൊപ്പം ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകാനാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും പോരിനിറങ്ങുന്നത്.
12 കളിയിൽ 14 പോയന്റുള്ള മുംബൈ നാലും 13 പോയന്റുളള ഡൽഹി അഞ്ചും സ്ഥാനത്ത്. ഇന്ന് ജയിച്ചാൽ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കും. ഡൽഹി പുറത്താവും. ഡൽഹി ജയിച്ചാൽ മുംബൈയും ഡൽഹിയും അവസാന മത്സരത്തിലേക്ക് ഉറ്റുനോക്കും. ഇരുടീമിനും അവസാന മത്സരത്തിൽ നേരിടാനുള്ളത് പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബ് കിംഗ്സിനെയാണ്. ഇന്ന് മുംബൈ ജയിച്ചാല്‍ ലീഗ് റൗണ്ടില്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളും അപ്രസക്തമാകും. മത്സരത്തിന് മഴ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
സീസണിലെ ആദ്യ നാലു കളികളും ജയിച്ച് നല്ല തുടക്കമിട്ട ഡല്‍ഹിക്ക് പിന്നീട് നടന്ന എട്ട് കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. തുടര്‍ച്ചയായി ആറ് കളി ജയിച്ചശേഷം അവസാന മത്സരം തോറ്റ മുംബൈ ആകട്ടെ മിന്നും ഫോമിലാണ്. അതുകൊണ്ടുതന്നെ ഡൽഹിക്ക് വാങ്കഡേയിൽ മുംബൈയെ കീഴടക്കുക എളുപ്പമാവില്ല. രോഹിത് ശർമ, റയാൻ റിക്കിൾട്ടൺ, നമൻ ദിർ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ ബാറ്റിംഗ് കരുത്തിനേയും ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ, ദീപക് ചാഹർ എന്നിവരുടെ ബൗളിംഗ് മികവിനേയും മറികടന്നാലേ ഡൽഹിക്ക് രക്ഷയുളളൂ. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ കെ എൽ രാഹുൽ കളിക്കുമെന്നത് ഡല്‍ഹിക്ക് ആശ്വാസമാണ്.
രാഹുലിന് പുറമെ ഡുപ്ലെസിയും പോറലും ക്യാപ്റ്റൻ അക്സർ പട്ടേലും ട്രിസ്റ്റൻ സ്റ്റബ്സുമെല്ലാം കണ്ടറിഞ്ഞ് ബാറ്റ് വീശിയാലെ രക്ഷയുള്ളൂ. മിച്ചൽ സ്റ്റാർക്കിന്റെ അഭാവം ഇടംകൈയൻമാരായ മുസ്തഫിസുർ റഹ്മാനും ടി നടരാജനും പരിഹരിക്കുമെന്നാണ് ഡൽഹി ക്യാമ്പിന്റെ പ്രതീക്ഷ. കുൽദീപിന്റെ സ്പിൻ കരുത്തും നിർണായകമാവും. കഴിഞ്ഞമാസം ഡൽഹിയിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ 12 റൺസിന് ജയിച്ചിരുന്നു. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 36 കളികളില്‍ 20 എണ്ണം മുംബൈ ജയിച്ചപ്പോള്‍ ഡല്‍ഹി 16 എണ്ണത്തില്‍ വിജയം നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]