
ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനശകലമോ ഇല്ലാതെ മലയാളിയുടെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങുന്നില്ല. ഇത്രയും ഇഴയടുപ്പമുള്ള ഒരു വൈകാരിക ബന്ധം മറ്റൊരു ചലച്ചിത്ര താരവുമായും മലയാളി ഒരുപക്ഷേ കാത്തുസൂക്ഷിക്കുന്നുമുണ്ടാവില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വരുമ്പോള്‍ തിയറ്ററുകളില്‍ സംഭവിക്കുന്നത് എന്തെന്ന് അവര്‍ ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ മറ്റൊരു പിറന്നാള്‍ എത്തിയിരിക്കുകയാണ്. മലയാളികളുടെയും ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികളുടെയും പ്രിയ നടന്, താരത്തിന് ഇന്ന് 65-ാം പിറന്നാള്‍.
18-ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ, ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ഒരു പുതിയ നടന വൈഭവത്തെ മലയാളി ആദ്യമായി കണ്ടറിഞ്ഞു. അത് അവരുടെ പ്രിയം നേടിയെടുക്കാന്‍ ഏറെ വൈകിയില്ല. പടയോട്ടവും വിസയും അപ്പുണ്ണിയുമൊക്കെ തുടര്‍ വര്‍ഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. 26-ാം വയസിലാണ് മോഹന്‍ലാലിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ടി പി ബാലഗോപാലന് എംഎ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ.
സത്യന് അന്തിക്കാടില്‍ നിന്ന് തുടങ്ങി പ്രിയദര്ശന്, ഭരതന്, പത്മരാജന്, ഐ വി ശശി, സിബി മലയില്‍, കമല്‍ തുടങ്ങി ഒരു സംഘം പ്രതിഭാധനരായ സംവിധായകരുടെ സാന്നിധ്യമാണ് മോഹന്‍ലാലും ഒപ്പം മമ്മൂട്ടിയും മലയാളികള്‍ക്ക് ഇത്രയും പ്രിയങ്കരരായി മാറിയതിന് ഒരു കാരണം. മനുഷ്യ ജീവിതത്തിന്റെ അത്രയും തലങ്ങള്‍ നന്നേ ചെറുപ്പത്തിലേ ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിച്ചു. നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പില്ക്കാലത്ത് അദ്ദേഹത്തെ തേടിയെത്തി.
മലയാളി ഏറ്റവുംധികം സ്നേഹിക്കുന്ന ചലച്ചിത്ര താരം മോഹന്‍ലാല്‍ ആണെന്ന് അടിവരയിടാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ കൂടി കാണുമ്പോഴാണ്. മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 250 കോടി ക്ലബ്ബുകള്‍ ഒക്കെ തുറന്നത് മോഹന്‍ലാല്‍ ആണ്. വെറും ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ (എമ്പുരാന്, തുടരും) ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 500 കോടിയോളം രൂപയാണ് എന്നതിലുണ്ട് മലയാളി ഈ നടന് നല്കുന്ന സ്നേഹക്കൂടുതലിന്റെ തെളിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]