
ദില്ലി: ഐപിഎൽ പതിനെട്ടാം സീസണിലെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കി സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോറ്റ് തുടങ്ങിയ രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആറ് വിക്കറ്റ് വിജയത്തോടെയാണ് സീസണ് അവസാനിപ്പിച്ചത്.രാജസ്ഥാന് റോയല്‍സും നായകന് സഞ്ജു സാംസണും മറക്കാനാഗ്രഹിക്കുന്ന സീസണ് കൂടിയാണ് ഇത്തവണ കടന്നുപോകുന്നത്.
14 മത്സരങ്ങളില്‍ വെറും നാലു ജയം മാത്രം നേടിയ രാജസ്ഥാന് 8 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ രാജസ്ഥാന് അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കിയെന്ന ആശ്വാസം മാത്രമാവും സീസണില്‍ ബാക്കിയാകുക.കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സഞ്ജു സാംസണും തിരിച്ചടികളുടെ സീസണ് കൂടിയായിരുന്നു ഇത്. രാജസ്ഥാന് ക്യാപ്റ്റനെന്ന നിലയില്‍ സീസണില്‍ ആറ് കളികളില്‍ രണ്ട് ജയം മാത്രമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിലെ കൈവരിലിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ആദ്യ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് കളിച്ചത്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ചുറിയുമായി എല്ലാ സീസണിലെയും പോലെ നന്നായി തുടങ്ങിയ സഞ്ജുവിന് പിന്നീട് അടിതെറ്റി.നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും പിന്നീടുള്ള നാലു കളികളില്‍ ഒരു കളി മാത്രമാണ് ജയിപ്പിക്കാനായത്.ബാറ്ററെന്ന നിലയിലും സഞ്ജു നിരാശപ്പെടുത്തി. ഇതിനിടെ ജയിക്കാവുന്ന പല കളികളും ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമാക്കിയ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.
ആദ്യ ഏഴ് കളിക്കുശേഷം വീണ്ടും പരിക്കിന്റെ പിടിയിലായ സഞ്ജു ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ആദ്യ 3 കളികളിലെന്ന പോലെ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്.അതിര്‍ത്തി സംഘർഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ വീണ്ടും തുടങ്ങിയപ്പോള്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. തിരിച്ചുവരവില്‍ പഞ്ചാബിനെതിരെ തിളങ്ങാനാവാതിരുന്ന സഞ്ജു അവസാന കളിയില്‍ 31 പന്തില്‍ 41 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സീസണിലാകെ ഒമ്പത് കളികളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 285 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.റണ്‍വേട്ടക്കാരില്‍ നിലവില്‍ 25ാമതാണ് സഞ്ജു. 14 മത്സരങ്ങളില്‍ 559 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമനായപ്പോള്‍ 393 റണ്‍സുമായി റിയാന്‍ പരാഗ് പതിമൂന്നാം സ്ഥാനത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]