
ബ്രിട്ടൻ:തീവ്ര വലതുപക്ഷ ഇസ്രായേലി നേതാവും ഇസ്രയേലി കുടിയേറ്റ സംഘടനയായ നചാലയുടെ സ്ഥാപകയുമായ ഡാനിയേല വീസിന് ഉപരോധവുമായി ബ്രിട്ടൻ. വെസ്റ്റ് ബാങ്കിലെ ജൂത സെറ്റിൽമെന്റായ കെഡൂമിമിന്റെ മേയറായ ഡാനിയേല വീസ് ഇസ്രേയേലി കുടിയേറ്റത്തിന്റെ ഗോഡ്മദർ എന്ന പേരിലാണ് അറിയപ്പെടുന്നത്. പലസ്തീൻ സമുദായങ്ങൾ ഭീഷണിയും അതിക്രമവും അനുഭവിക്കുന്ന അവസരത്തിൽ അതിക്രമം ചെയ്യുന്നവരെ ഉത്തരവാദിത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡാനിയേല വീസിനുള്ള ഉപരോധമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വിശദമാക്കിയത്.
79കാരിയായ ഡാനിയേല വീസിന്റെ കുടിയേറ്റ സംഘടനയായ നചാലയ്ക്കും ഉപരോധം ബാധകമാണ്, വെസ്റ്റ് ബാങ്കിലും ജറുസലേമിന്റെ കിഴക്കൻ മേഖലയിലും ജൂത സെറ്റിൽമെന്റുകൾ ഒരുക്കാനായി പ്രവർത്തിക്കുന്ന പ്രമുഖരിലൊരാൾ കൂടിയാണ് ഡാനിയേല വീസ്. 1967ൽ ഇസ്രയേൽ പിടിച്ചെടുത്ത ഇടങ്ങളിൽ ജൂത വിഭാഗത്തിൽ നിന്നുള്ളവർക്ക് താമസം അടക്കം ഒരുക്കുന്നതിൽ ഡാനിയേല പ്രധാന പങ്ക് വഹിച്ചിരുന്നു. പാലസ്തീൻ വ്യക്തികളോടുള്ള അതിക്രമവും അക്രമവും ഭീഷണിപ്പെടുത്തൽ, പ്രോത്സാഹനം, പിന്തുണ എന്നിവയിലേർപ്പെട്ടയാളായാണ് ഡാനിയേലയെ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ ഉപരോധ പട്ടികയിൽ വിശേഷിപ്പിക്കുന്നത്. ഗാസയിൽ ജൂത കുടിയേറ്റ ഗ്രാമങ്ങൾ സ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് ഡാനിയേല. കഴിഞ്ഞ വർഷം അന്താരാഷ്ട്ര മാധ്യമങ്ങളോട് ഗാസയിൽ അറബികൾ ഉണ്ടാവില്ലെന്നും നിലനിൽക്കുക ജൂതർ ആയിരിക്കുമെന്നും അവർ പ്രതികരിച്ചിരുന്നു.ഇതിന് പുറമേ ശത്രു നശിക്കുന്നത് വരെ യുദ്ധം തുടരണമെന്ന് ഇസ്രയേൽ ഭരണകൂടത്തോട് ഡാനിയേല ആവശ്യപ്പെട്ടിരുന്നു.
ഗാസയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാർലമെന്റിൽ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ചത്. ഗാസയിലെ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാൻസും കാനഡയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]