
മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ താരം ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഉത്തരം പറയാൻ അധികം ആലോചിക്കേണ്ടതില്ല. ഏറ്റവും ഒടുവിൽ തുടരും ഉൾപ്പെടെ പോസിറ്റീവ് അഭിപ്രായം വന്ന മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന തിയറ്റർ പ്രതികരണങ്ങളും കളക്ഷനും മാത്രം നോക്കിയാൽ മതി. എയ്റ്റീസ്, നയൻറീസ് കിഡ്സിനെ സംബന്ധിച്ച് അവരുടെ കുട്ടിക്കാലം അത്രയും മനോഹരമാക്കിയ ചലച്ചിത്ര താരങ്ങളിൽ പ്രധാനിയുമാണ് മോഹൻലാൽ. പുതുകാലത്ത് അദ്ദേഹത്തിൻറെ ചിത്രങ്ങൾ തുടർ പരാജയങ്ങൾ നേരിട്ടപ്പോൾ കമൻറ് ബോക്സുകളിൽ പലപ്പോഴും ഉയരാറുള്ള ഒന്നാണ് ഞങ്ങൾക്ക് വിൻറേജ് മോഹൻലാലിനെ മിസ് ചെയ്യുന്നു എന്ന പരിവേദനം. തങ്ങളെ ഒരു കാലത്ത് അത്രയും വിനോദിപ്പിച്ച, ത്രസിപ്പിച്ച താരവും നടനും ഇന്ന് അതിന് സാധിക്കുന്നില്ല എന്ന നിരാശയിൽ നിന്ന് രൂപപ്പെടുന്നതാണ് ഈ വിൻറേജ് കോളിംഗ് ആഹ്വാനങ്ങൾ. ഒപ്പം മോഹൻലാൽ പുതുതലമുറ സംവിധായകർക്ക് അവസരം നൽകുന്നില്ല എന്നതും സിനിമാപ്രേമികൾ വിമർശിക്കുന്ന ഒന്നായിരുന്നു. എന്നാൽ കാലത്തിൻറെ മാറ്റം മോഹൻലാൽ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന സൂചനയാണ് അദ്ദേഹത്തിൻറെ സമീപകാലത്ത് വന്ന ചിത്രങ്ങളും അപ്കമിംഗ് പ്രോജക്റ്റുകളെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രങ്ങളും.
ആ വഴിമാറി നടക്കലിന് തുടക്കമിട്ട ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. യുവതലമുറയിലെ പ്രതിഭാധനനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹൻലാൽ ആദ്യമായി നായകനായ ചിത്രം. ആമേനും അങ്കമാലി ഡയറീസും ജല്ലിക്കട്ടുമൊക്കെ ഒരുക്കിയ ലിജോയെയാണ് മോഹൻലാൽ ആരാധകർ വാലിബനിലും പ്രതീക്ഷിച്ചതെന്ന് തോന്നുന്നു. എന്നാൽ തന്നിലെ കലാകാരനെ സദാ പുതുക്കി ചുരുളിയിലേക്കും നൻപകൽ നേരത്ത് മയക്കത്തിലേക്കുമൊക്കെ വളർന്ന ലിജോയിലെ സംവിധായകൻറെ സവിശേഷമായ അടയാളപ്പെടുത്തലായാണ് വാലിബൻ വന്നത്. പ്രേക്ഷകരുടെ അമിത പ്രതീക്ഷയും ചിത്രത്തിൻറെ ഔട്ട്പുട്ടും തമ്മിൽ യോജിക്കാതെവന്നതോടെ ബഹുഭൂരിപക്ഷത്തിനും ഇഷ്ടമാവാത്ത ചിത്രമായി മലൈക്കോട്ടൈ വാലിബൻ മാറി. പക്ഷേ മോഹൻലാലിലെ അഭിനേതാവിനെയും താരത്തെയും സംബന്ധിച്ച് ഏറെക്കാലമായി തുടരുന്ന മടുപ്പിൽ നിന്നുള്ള കുതറൽ അവിടെ സംഭവിക്കുകയായിരുന്നു. ഒരു തുടക്കവുമായി മാറി അത്.
മോഹൻലാൽ 12 വർഷം മുൻപ് കേട്ട കഥയെങ്കിലും തുടരും തിയറ്ററുകളിലെത്തുന്നത് ഇപ്പോഴാണ്. പുലിമുരുകനും ലൂസിഫറിനും ശേഷം തിയറ്ററുകളിൽ അക്ഷരാർഥത്തിൽ ജനപ്രളയം സൃഷ്ടിച്ച മറ്റൊരു മോഹൻലാൽ ചിത്രം ഇല്ല. പല തലമുറ കാണികളിലെ മോഹൻലാൽ നൊസ്റ്റാൾജിയ കൃത്യമായും സ്മാർട്ട് ആയും ഉപയോഗിച്ച ചിത്രം പക്ഷേ പുതുകാലത്തിന് ചേർന്ന തരത്തിലുള്ള ദൃശ്യാവിഷ്കാരം ആയിരുന്നു. ഇനി ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ഒരു ഗൃഹാതുരതയെയും ഒപ്പം പുതുകാലത്തെ ദൃശ്യ വഴക്കങ്ങളെയും കൂട്ടിയിണക്കിയ മിടുക്കാണ് കെ ആർ സുനിലും തരുൺ മൂർത്തിയും ചേർന്ന് കാഴ്ച വച്ചത്. തുടരുമിന് ശേഷം മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യൻ അന്തിക്കാടിൻറെ ഹൃദയപൂർവ്വം ആണ്. തിരക്കഥ സത്യൻ അന്തിക്കാടിൻറേതല്ല എന്നതും (നവാഗതനായ ടി പി സോനു) അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി എന്നതും ചിത്രത്തിൽ പുതുമയുണ്ടാവും എന്ന് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നു. പതിവ് സത്യൻ അന്തിക്കാട് ചിത്രമായിരിക്കില്ല ഹൃദയപൂർവ്വമെന്ന് മോഹൻലാൽ തന്നെ പറയുകയുണ്ടായി.
ഹൃദയപൂർവ്വത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഒരു ചിത്രവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആകെ കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞത് മാത്രമേ ഉള്ളൂ. ആ പ്രോജക്റ്റിൻറെ ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി എന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാലിൻറേതായി വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളും അനൗദ്യോഗിക റിപ്പോർട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ധാരാളമായി എത്തുന്നുണ്ട്. അതിൽ ചിലത് ഇവയാണ്- വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയുമാണ്. ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്. മുകളിൽ പറഞ്ഞ മറ്റ് പ്രോജക്റ്റുകളിൽ ഏതൊക്കെ യാഥാർഥ്യമാവുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇതിൽ ഏതെങ്കിലുമൊക്കെ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ പിറന്നാൾ ദിനത്തിൽ നടന്നാലും അത്ഭുതപ്പെടാനില്ല. ആരാധകർ അത്തരത്തിൽ ചിലത് പിറന്നാൾ ദിനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്. ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]