
കട്ടപ്പന: ഹോട്ടലിൽ ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും ഹോട്ടൽ ജീവനക്കാരനും പരിക്കേറ്റു. കട്ടപ്പന – പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. കല്യാണത്തിന് വസ്ത്രം എടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തി. പാത്രത്തിൽ കറികളുടെ അളവ് കുറവായിരുന്നതിനാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു.
ഇതിനോട് ഹോട്ടൽ ജീവനക്കാരൻ അനിഷ്ടം കാട്ടിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം കറി കൂടുതൽ ആവശ്യപ്പെട്ട കുടുംബത്തെ മർദ്ദിക്കുകയായിരുന്നുവെന്നാണ് സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയ വീട്ടുകാർക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ യുവാക്കൾ ടേബിളുകൾക്ക് ഇടയിൽ കുടുക്കിയിട്ട് മർദ്ദിച്ചുവെന്നാണ് ഹോട്ടൽ ജീവനക്കാരൻ ആരോപിക്കുന്നത്.
സംഘർഷത്തിൽ പ്രതിശ്രുത വരൻ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. ഹോട്ടൽ ജീവനക്കാരിൽ ഒരാൾക്കും പരിക്കുണ്ട്.സംഭവം അറിഞ്ഞെത്തിയ കട്ടപ്പന പൊലീസിടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവരെ ചികിത്സക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും സംഘർഷമുണ്ടായി. പൊലീസെത്തി രണ്ടു കൂട്ടരെയും വെവ്വേറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]