
ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റര്‍ ദുരന്തം ലോകമെങ്ങും വലിയ ചര്‍ച്ചയാവുകയാണ്. ബെൽ 212 എന്ന ഹെലികോപ്റ്ററാണ് റെയ്സി ഉപയോഗിച്ചിരുന്നത്. ബെല്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ നഷ്ടമുണ്ടാക്കിയിട്ടുള്ള വില്ലനാണ്.
സുരക്ഷാവീഴ്ച, ഹെലികോപ്റ്റര്‍ തകരാര്‍, അട്ടിമറി അടക്കം പലവിധ ആരോപണങ്ങളാണ് റെയ്സിയുടെ മരണവുമായി ബന്ധപ്പെട്ട് ലോകമെങ്ങും ഉയരുന്നത്. 1971ൽ ഔദ്യോഗികമായി പുറത്തിറക്കിയ ബെൽ 212 ഇതിനും മുന്‍പും ആളെക്കൊല്ലി അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവനെടുത്തതും ബെല്‍ ഹെലികോപ്റ്ററായിരുന്നു. 2009 സെപ്റ്റംബർ 3 നാണ് വൈഎസ്ആർ സഞ്ചരിച്ച ബെൽ 430 എന്ന ഹെലികോപ്റ്റർ ചിറ്റൂരിനടുത്തുള്ള നല്ലമല വനമേഖലയിൽ തകര്‍ന്നുവീണത്. അന്ന് 72 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അപകട സ്ഥലത്ത് രക്ഷാദൗത്യത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞത്.
ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബെൽ 430 ഹെലികോപ്റ്ററിൽ അഞ്ച് യാത്രികരാണ് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിക്കൊപ്പം ഉണ്ടായിരുന്നത്. കാലാവസ്ഥ മോശമായതോടെ യാത്രാപാതയിൽ മാറ്റം വരുത്താൻ ഫ്ളൈറ്റ് ക്രൂ തീരുമാനിച്ചെങ്കിലും നല്ലമല കാടുകൾക്ക് മുകളില്‍ വച്ച് കോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ആന്ധ്ര പ്രദേശിന്റെ ഉള്ളുലച്ച ദുരന്തം. അന്‍പതിലേറെ പേരാണ് ദുരന്തവിവരം അറിഞ്ഞ് ജീവനൊടുക്കിയത്. ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ തലവരമാറ്റിയ ദുരന്തമാണിത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിറവിയും ഈ ദുരന്തത്തിന് ശേഷമായിരുന്നു.
Last Updated May 21, 2024, 9:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]