
കൊച്ചി: എളമക്കരയിൽ ഫ്ലാറ്റ് നിർമ്മാണം കാരണം തന്റെ വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. കെട്ടിടത്തിന്റെ ബേസ്മെന്റിൽ 4 സ്ഥലത്ത് വിള്ളലുള്ളതായി പരാതിക്കാരി പറയുന്നു. ഫ്ളോർ ഗ്രാനൈറ്റ് സ്ലാബുകളിൽ നാലിടത്ത് പൊട്ടലുണ്ടെന്നും പരാതിയിൽ പറയുന്നു. കൊച്ചി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ ഇവർ നേരത്തെ എസ്.സി, എസ്.ടി കമ്മീഷനും പരാതി നൽകിയിരുന്നു.
പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ തീരുമാനമെടുക്കാനാവില്ലെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പരാതിക്കാരിയുടെ ചുറ്റുമതിലിനും കെട്ടിടത്തിലും വിള്ളലുള്ളതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ഇത് കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം സംഭവിച്ചതാണോ അതോ ഫ്ലാറ്റ് നിർമ്മാണം കാരണം സംഭവിച്ചതാണോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ ഘടനക്ക് കേടുപാടു സംഭവിച്ചിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് വിദഗ്ധ കമ്മിറ്റിയുടെ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
അതേസമയം, കെട്ടിടത്തിലുണ്ടായ വിള്ളലുകൾക്ക് കാരണം ഫ്ലാറ്റ് നിർമ്മാണമാണെന്നതിന് തെളിവില്ലെന്ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ഡിവിഷൻ സമർപ്പിച്ച സ്ഥല പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ചുറ്റുമതിലിലും കെട്ടിടത്തിലും വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എളമക്കര സ്വദേശിനി ഒ. ജി. സുശീല സമർപ്പിച്ച പരാതിയിലാണ് നടപടി.
Last Updated May 20, 2024, 7:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]