
പാലക്കാട്: കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്തെ മാംഗോ സിറ്റിയായ മുതലമടയിൽ മാമ്പഴ ഉത്പാദനം കുത്തനെ ഇടിഞ്ഞു. സീസണിൽ 500 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന മേഖലയിൽ ഇത്തവണ 70 ശതമാനം കുറവുണ്ടായി. ഈ സീസണിൽ വിദേശത്തേക്കുള്ള കയറ്റുമതിയും നിലച്ചു. പല കർഷകരും മാവുകൾ വെട്ടി മറ്റു കൃഷിയിലേക്ക് തിരിയുകയാണ്.
ജാഫറിന്റെ മാവിൻ തോപ്പിൽ നിന്ന് ഓരോ സീസണിലും ചുരുങ്ങിയത് 100 ടൺ മാമ്പഴമെങ്കിലും കിട്ടുമായിരുന്നു. ഇത്തവണ അത് ഒറ്റയടിയ്ക്ക് 25 ടൺ ആയി. മാവുകൾ പൂക്കാൻ വൈകുന്നത് മുതൽ തുടങ്ങും പ്രതിസന്ധി. കഴിഞ്ഞ കുറച്ചു കാലങ്ങളായി നഷ്ടത്തിലാണ്. മാവുകൾ വെട്ടി മറ്റ്കൃഷിയിലേക്ക് തിരിയാതെ മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയാണ്.
മുതലമടയിലെ പല മാവിൻ തോപ്പുകളിലും ഇതൊരു സ്ഥിരം കാഴ്ചയായിരിക്കുന്നു. ചെമ്മണാംപതി മുതൽ എലവഞ്ചേരി വരെ 5000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മാമ്പഴത്തോട്ടങ്ങളാണ് മുതലമടയിലുള്ളത്. സീസണിൽ ഒരു ലക്ഷം ടൺ മാമ്പഴം ഉത്പാദിപ്പിച്ചിരുന്നിടത്ത് ഇപ്പോൾ 1000 ടൺ തികച്ച് കിട്ടുന്നില്ല. 500 കോടി വിറ്റുവരവ് ഉണ്ടായിരുന്നിടത്ത് ഇത്തവണ കിട്ടിയത് ഏകദേശം 50 കോടി രൂപയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പൂർണമായി നിലച്ചു. കാലാവസ്ഥ വ്യതിയാനയും കീടബാധയുമാണ് പ്രധാന വെല്ലുവിളി. കേരളത്തിന്റെ മാംഗോ സിറ്റി നിലനിൽപ്പിനായി പെടാപാട് പെടുകയാണ്. സർക്കാരിന്റെ ഇടപെടൽ ഇനിയും ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് ഈ മേഖല വീണുപോകും.
Last Updated May 20, 2024, 10:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]