
കൊൽക്കത്ത: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. ഓപ്പണര്‍മാരായ ശുഭ്മാൻ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ഗുജറാത്തിന് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും മികച്ച പ്രകടനമാണ് കൊൽക്കത്തയുടെ ബൗളര്‍മാര്‍ പവര്‍ പ്ലേയിൽ പുറത്തെടുത്തത്. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എന്ന നിലയിലായിരുന്നു. പവര്‍ പ്ലേ പൂര്‍ത്തിയായതോടെ ഗിൽ ആക്രമണം തുടങ്ങി. 7-ാം ഓവര്‍ എറിയാനെത്തിയ മൊയീൻ അലിയുടെ ആദ്യ പന്ത് അതിര്‍ത്തി കടത്തിയ ഗിൽ അടുത്ത രണ്ട് പന്തുകളിലും ബൗണ്ടറിയും കണ്ടെത്തി. 7-ാം ഓവറിൽ 17 റൺസാണ് മൊയീൻ അലി വഴങ്ങിയത്. 8-ാം ഓവറിൽ ബൗണ്ടറി വഴങ്ങാതെ 8 റൺസ് മാത്രം വിട്ടുകൊടുത്ത് സുനിൽ നരെയ്ൻ കൊൽക്കത്തയെ മത്സരത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവര്‍ത്തിയെ ഗില്ലും സുദര്‍ശനും ഓരോ തവണ ബൗണ്ടറി കടത്തി. 10 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 89 റൺസ് എന്ന നിലയിലായിരുന്നു.
11-ാം ഓവറിൽ ഓപ്പണര്‍മാര്‍ ഇരുവരും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഗിൽ 34 പന്തുകൾ നേരിട്ട് അര്‍ദ്ധ സെഞ്ച്വറി തികച്ചപ്പോൾ 33 പന്തുകളിൽ നിന്നായിരുന്നു സുദര്ശൻ 50 റൺസ് പൂര്‍ത്തിയാക്കിയത്. 10.5 ഓവറിൽ ടീം സ്കോര്‍ 100 കടക്കുകയും ചെയ്തു. എന്നാൽ, 13-ാം ഓവറിന്റെ രണ്ടാം പന്തിൽ മികച്ച ഫോമിൽ ബാറ്റ് വീശിയ സായ് സുദര്‍ശനെ (52) ആന്ദ്രെ റസൽ മടക്കിയയച്ചു. മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ലര് ആന്ദ്രെ റസലിന്റെ അവസാന മൂന്ന് പന്തുകളും ബൗണ്ടറിയിലേയ്ക്ക് പായിച്ച് ആക്രമണമാണ് ലക്ഷ്യമെന്ന സൂചന നൽകി. 15-ാം ഓവറിൽ ബട്ലറെ പുറത്താക്കാൻ ലഭിച്ച അവസരം വൈഭവ് അറോറയും തൊട്ടടുത്ത ഓവറിൽ മനീഷ് പാണ്ഡെയും കൈവിട്ടു കളഞ്ഞത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
ഗില്ലും ബട്ലറും അതിവേഗത്തിൽ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചതോടെ കൊൽക്കത്തയുടെ ബൗളര്‍മാര്‍ വിയര്‍ത്തു. 18-ാം ഓവറിൽ 55 പന്തുകൾ നേരിട്ട് 90 റൺസുമായി ഗിൽ മടങ്ങുമ്പോൾ ടീം സ്കോര്‍ 172 റൺസിൽ എത്തിയിരുന്നു. 10 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. വൈഭവ് അറോറയുടെ ഫുൾ ടോസ് ഉയര്‍ത്തിയടിക്കാനുള്ള ഗില്ലിന്റെ ശ്രമം ഡീപ് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ച റിങ്കു സിംഗിന്റെ കൈകളിൽ അവസാനിച്ചു. പിന്നാലെയെത്തിയ രാഹുൽ തെവാതിയ (0) നിരാശപ്പെടുത്തി. അവസാന ഓവറിൽ 18 റൺസ് കൂടി കണ്ടെത്താനായതോടെ ഗുജറാത്തിന്റെ സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിൽ അവസാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]