വേനലവധിയിലെ നട്ടപ്രാന്തിന്റെ കാലത്താണ് കുട്ടികള്‍ക്ക് സൈക്കിള്‍ കൊതി തോന്നി തുടങ്ങുക. കൂട്ടുകാരാരെങ്കിലും സൈക്കിളുമായെത്തിയാല്‍ പിന്നെ കഥ പറയാനുമില്ല.
കലശലായ കൊതി പലമട്ടില്‍ വീട്ടിലവതരിപ്പിച്ച് കാത്തിരിപ്പ് തുടങ്ങും. സൈക്കിള്‍ കിട്ടാന്‍ പല അടവുകളും പയറ്റേണ്ടി വരും. അടുത്തകാലത്ത് ഒരു യാത്രക്കിടെ കണ്ട
കാഴ്ചയാണ്. വലിയ ഒരു സൈക്കിള്‍ കട.
അതിനടുത്തായി ഉപേക്ഷിക്കപ്പെട്ട സൈക്കിളുകളുടെ ഒരു കുഞ്ഞുകൂമ്പാരം.
പ്രധാനമായും കുഞ്ഞുങ്ങളുടെ സൈക്കിളുകള്‍. ഇത്തിരികുഞ്ഞന്മാര്ക്കുള്ള മുച്ചക്രസൈക്കിളല്ല.
കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ഇരുചക്രസൈക്കിളുകള് . എത്ര വികൃതികളുടെ കൂടെയോടി തളര്‍ന്നതാവും അവ! എത്ര വട്ടം വീണിരിക്കും.
എന്തെല്ലാം സാഹസങ്ങള്‍ക്ക്, കുട്ടിക്കസര്ത്തുകള്ക്ക് കട്ടക്ക് കൂടെ നിന്നതാവും. കട്ടപ്പുറത്തായ ആ സൈക്കിളുകള്‍ക്ക് എത്ര കഥകളോര്ക്കാനുണ്ടാകും.
വെറുതേയങ്ങനെയങ്ങനെ പഴയ കാലത്തെ സൈക്കിള്‍ കഥകളോര്ത്തുപോയി. മനസ്സറിഞ്ഞ് സര്‍പ്രൈസുകള്‍ നല്കാന് മത്സരിക്കുന്ന മാതാപിതാക്കളുള്ള ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് സൈക്കിളിനെന്നല്ല ഒന്നിന് വേണ്ടിയും ഒരുപാട് കാത്തിരിക്കേണ്ടതില്ലെന്ന് തോന്നുന്നു.
മുന്‍പ് അതായിരുന്നില്ല അവസ്ഥ. വേനലവധിയിലെ പകല്പാച്ചിലുകള് വേനലവധിയിലെ നട്ടപ്രാന്തിന്റെ കാലത്താണ് കുട്ടികള്‍ക്ക് സൈക്കിള്‍ കൊതി തോന്നി തുടങ്ങുക.
കൂട്ടുകാരാരെങ്കിലും സൈക്കിളുമായെത്തിയാല്‍ പിന്നെ കഥ പറയാനുമില്ല. കലശലായ കൊതി പലമട്ടില്‍ വീട്ടിലവതരിപ്പിച്ച് കാത്തിരിപ്പ് തുടങ്ങും.
സൈക്കിള്‍ കിട്ടാന്‍ പല അടവുകളും പയറ്റേണ്ടി വരും. അങ്ങേയറ്റത്തെ അനുസരണ, കരച്ചില്, നിരാഹാരം, സോപ്പിടല്‍ അങ്ങനെ പല വഴികള്‍.
മിക്കവാറും വിഷുക്കൈനീട്ടം കിട്ടിയ തുകയും സൈക്കിള്‍ ഫണ്ടിലേക്ക് നല്കേണ്ടതായും വന്നേക്കാം. എന്നാലും കിട്ടുന്ന സൈക്കിള്‍ പുതിയത് തന്നെയാവണമെന്നില്ല.
ചിലപ്പോള്‍ അതൊരു സെക്കന്റ് ഹാന്ഡുമാവാം. അന്ന് അതൊന്നും അത്ര സാരമില്ല.
സൈക്കിളായാല്‍ മതി. ഒരു നിവൃത്തിയുമില്ലെങ്കില്‍ കൂട്ടുകാരുടെ സൈക്കിള്‍ കടം വാങ്ങി ഓടിച്ച് കൊതി തീര്‍ക്കും. ചിലപ്പോള്‍, ചില്ലറക്കാശിന് സൈക്കിളുകള്‍ വാടകക്ക് നല്കുന്ന കടകളെ ആശ്രയിക്കും.
മണിക്കൂറിന് 2 രൂപയോ മറ്റോ ആണെന്നാണ് ഓര്‍മ്മ. എങ്ങനെയായാലും സൈക്കിളോടിക്കാനറിയാത്തവര് ചുരുക്കമാവും.
സൈക്കിള്‍ വീട്ടിലെത്തിയാല്‍ ഓട്ടമാണ്. നേരം വെളുത്താല്‍ ഇരുട്ടും വരെ ഗതാഗതം കുറവുള്ള നീളന്‍ നാട്ടുവഴികളിലൂടെ വാലിന് തീ പിടിച്ചതുപോലെയുള്ള പകല്പാച്ചിലുകള്.
വെയിലും മഴയുമെല്ലാം നിസ്സാരം. സൈക്കിളിലേറിയാല്‍ പിന്നെ, ‘നോക്കൂ, ഞാനുമൊരാളായേ’ എന്ന ഭാവമാണ്.
ഊണും ഉറക്കവും പോലും സൈക്കിളിലായാല്‍ നന്നെന്ന മട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ വീട്ടുകാര്‍ക്കാണ് പൊല്ലാപ്പ്. ചീത്തയും അടിയുമെല്ലാം സൈക്കിളോട്ടത്തിന്റെ ലഹരിയില്‍ ആവിയാകും.
ഇടയിലൊരു വീഴ്ച, കൈയൊടിയല്‍, മുറിവുകള്‍.. ഒക്കെയും ഈ കുട്ടിസൈക്കിള്യജ്ഞക്കാര്ക്ക് പതിവാണ്.
കാഴ്ചയില്‍ പരിക്കില്ലാത്ത പല വീഴ്ചകളും വീട്ടുകാരറിയാതെ പരമരഹസ്യമായി ഒതുക്കുകയും ചെയ്തേക്കും. എങ്കിലും സൈക്കിള്‍ നമ്മുടെ ചങ്കാണ്, കരളാണ്.
പലവിധ അലങ്കാരപണികള്‍ ചെയ്ത് സൈക്കിളിനെ ഒരുക്കും. ഒരേ നീളത്തില്‍ മുറിച്ച കാസറ്റ് ടേപ്പുകള്‍ തൂങ്ങുന്ന ഹാന്‍ഡിലുകളുള്ള സൈക്കിളുകളില്‍ എത്തുന്നവരുടെ പത്രാസ് കാണേണ്ടതാണ്.
കാസറ്റുതടവറയില് നിന്നും രക്ഷപ്പെട്ട ടേപ്പുകള്‍ പാട്ടുകള്‍ പോലും മറന്ന് കാറ്റിലങ്ങനെ തിളങ്ങിയാടും.
കൂട്ടുകാരെ മുന്നിലും പിന്നിലുമിരുത്തിയും നിര്‍ത്തിയും ഏതെല്ലാം സവാരികള്‍! സൈക്കിള്‍ കൊതികള് ഏട്ടന് കുട്ടിക്കാലത്ത് ഒരു BSA SLR സൈക്കിളുണ്ടായിരുന്നു.
നീലനിറമുള്ള ഒരു സുന്ദരന്‍ സൈക്കിള്‍. അത് മുറ്റത്ത് വിശ്രമിക്കുമ്പോഴെല്ലാം അതിനടുത്തെത്തി ബെല്ലമര്‍ത്തി ഹാന്‍ഡില്‍ തിരിച്ച് , തൊട്ടും തലോടിയും ഞാന്‍ അങ്ങനെ നില്ക്കും.
അതൊന്ന് ഓടിക്കാന്‍ ഭയങ്കര കൊതിയായിരുന്നു. പക്ഷേ വീഴുമോയെന്ന പേടി ആ കൊതിയുടെ തലയിലടിക്കും.
മുറ്റത്ത് തെന്നിവീണ് കൈ ഒടിഞ്ഞത് ശരിയായിട്ടേയുള്ളു. ഇനി സൈക്കിളില്‍ കേറി കൈയൊടിഞ്ഞാല്‍ അമ്മ സൈക്കിളിലല്ലാതെ എന്നെ പറപറപ്പിക്കും.
ഞാനും ഏട്ടനും തമ്മില്‍ ഏഴ് വയസ്സ് വ്യത്യാസമുണ്ട്. സൈക്കിള്‍ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഏട്ടന്റെ പിറകെ നടന്ന് സൈ്വര്യം കെടുത്തിക്കൊണ്ടിരുന്നു.
ഒടുവിലാ ദിവസം എത്തി. സ്വപ്നം കണ്ടപോലെ ഞാന്‍ സൈക്കിളില്‍ കയറി.
ഓടിക്കാന്‍ പഠിപ്പിച്ചു കൊണ്ട് ഒപ്പം ഏട്ടനും. കുറച്ച് ദൂരമൊക്കെ ഓടിച്ചു.
പക്ഷേ അധികമൊന്നുമത് നീണ്ടുനിന്നില്ല. ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്ന എന്നെയും സൈക്കിളിനെയും താങ്ങി ഏട്ടന് മടുത്തുകാണും.
ഗംഭീരമായൊരു നുള്ളലില്‍ അന്ന് ആ പഠിപ്പിക്കല്‍ അവസാനിച്ചു. കുറച്ച് ചീത്തയും കേട്ടു.
ആരുമറിയാതെ ഒറ്റക്കിരുന്ന് കുറച്ച് നേരം കരഞ്ഞാല്‍ തീരും ചില കൊതികളെന്ന് അന്ന് പഠിച്ചു. പിന്നീടൊരിക്കലും ഞാന്‍ സൈക്കിള്‍ ഓടിക്കാനുള്ള കൊതിയുമായി നടന്നിട്ടില്ല. ഇടക്ക് എന്നെ സൈക്കിളിന്റെ മുന്നിലിരുത്തി ഏട്ടന് കൊണ്ടുപോയിട്ടുണ്ട്.
കുഴികളില്‍ വീഴുമ്പോള്‍ എങ്ങനെയേലും ഇറങ്ങിയാല്‍ മതിയെന്ന അവസ്ഥയാണ്. സിനിമകളില്‍ നായികയും നായകനും ചിരിച്ചുല്ലസിച്ച് പാട്ടുംപാടി സൈക്കിളിലിങ്ങനെ പോകുന്നത് കാണുമ്പോ ഞാനൊന്ന് സംശയിക്കും.
സൈക്കിളിനു മുന്നിലെ കമ്പിയില്‍ തന്നെയല്ലേ നായിക ഇരിക്കുന്നത്, എങ്ങനെയാണിത്രയും ചിരി മുഖത്ത് വരുന്നതെന്ന്. അഭിനയപ്രതിഭകളായതുകൊണ്ട് അതെല്ലാം സാധിക്കുമായിരിക്കും! സിനിമകളിലെ ഒരുപാട് സൈക്കിള്‍ രംഗങ്ങള്‍ ഓര്‍മ്മ വരുമെങ്കിലും വന്ദനത്തിലെ ജഗദീഷിന്റെ സൈക്കിളോടിക്കലാണ് ഒരു കാലത്തും മറക്കാനാവാത്തത്. തിരികെയെത്തുമോ പ്രതാപകാലം? അക്കാലത്ത് പത്രമിടാനും പാല്, പച്ചക്കറി എന്നിവ വില്‍ക്കാനും സ്വന്തമായിത്തിരി തുട്ടുണ്ടാക്കാനും മിടുക്കുള്ള കൗമാരക്കാര്‍ക്ക് സൈക്കിള്‍ തന്നെയായിരുന്നു കൂട്ട്.
എന്റെ മകള്‍ക്കുമുണ്ടായിരുന്നു ഒരു പിങ്ക് സൈക്കിള്‍. ‘ചെല്ലത്താമരേ’ എന്ന പാട്ടും പാടി അവളതോടിക്കുന്നത് ഇപ്പോഴും കണ്ണില്‍ തെളിയുന്നു. അന്നെല്ലാം ഗ്രാമവഴികളിലെ ചെറിയ യാത്രകള്‍ക്ക് മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ട
വാഹനമായിരുന്നു സൈക്കിള്‍. സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പുകള്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായിരുന്നു. കേള്‍ക്കാനിമ്പമുള്ള ബെല്ലുകള്‍, പുക തുപ്പാത്ത മെലിഞ്ഞ പ്രകൃതം, ശബ്ദകോലാഹലമില്ലാത്ത പതിഞ്ഞ ഓട്ടം, ലളിതമായ ഡിസൈന്‍, അധികസമയം ആവശ്യമില്ലാത്ത റിപ്പയറുകള്‍, ദീര്‍ഘായുസ്സ് -എന്തെല്ലാം മേന്മകളാണ് സൈക്കിളിനുള്ളത്!
അന്നത്തെ തിരക്കില്ലാത്ത ലളിതമായ ഗ്രാമജീവിതത്തിന് അനുയോജ്യ വാഹനം. വലിയ സര്‍ക്കസ് കമ്പനികള്‍ക്കും പാവപ്പെട്ട തെരുവു സര്‍ക്കസ് കലാകാരന്മാര്ക്കും സൈക്കിള്‍ അഭ്യാസങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
ശ്വാസമടക്കി ജനം അത്ഭുതാദരങ്ങളോടെ കണ്ടുനില്ക്കുന്ന എത്രയെത്ര സൈക്കിളഭ്യാസങ്ങള്‍. വിദേശരാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സൈക്കിളുകളില്‍ ഓഫീസില്‍ പോകുന്ന വീഡിയോകള്‍ കണ്ടിരുന്നു.
നമ്മുടെ നാട്ടില്‍ സോഷ്യല്‍ സ്റ്റാറ്റസ് കുറഞ്ഞ വാഹനമായാണോ സൈക്കിളിനെ കാണുന്നത് എന്നൊരു സംശയമുണ്ട്. എന്നാല്‍, പുതിയ കാലത്ത് ഒരു കായിക ഇനം ആയി, പാഷനായി, വ്യായാമമാര്ഗ്ഗമായി സൈക്കിളോടിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി തോന്നിയിട്ടുണ്ട്.
വളരെ വില കൂടിയ സൈക്കിളുകളും അനുബന്ധ വസ്തുക്കളും അടങ്ങുന്ന പ്രൗഢമായ മറ്റൊരു ലോകമാണത്. ഒരു പരസ്യമുണ്ടായിരുന്നു.
ഞാന്‍ വലുതാകുമ്പോള്‍ സൈക്കിള്‍ ഷോപ്പ് തുടങ്ങും എന്നൊരു കുട്ടി പറയുന്നത്. പെട്രോള്‍ പാഴാക്കുന്നതിനെതിരെയുള്ള ബോധവത്കരണ പരസ്യമായിരുന്നു അത്.
നമ്മുടെ നിരത്തുകളിലും ഹരിതവാഹനമായി സൈക്കിള്‍ പഴയ പ്രതാപത്തോടെ വീണ്ടും തിരിച്ചുവരുമോ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]