
‘സിനിമ മേഖലയിലുള്ളവരെ പരിചയമുണ്ട്; ലഹരി ഇടപാടില്ല’; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു
ആലപ്പുഴ∙ സിനിമ മേഖലയിലുള്ളവരെ പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുൽത്താന. 2 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു തസ്ലീമ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
അതേസമയം, കഞ്ചാവ് കേസിൽ മൂന്ന് പ്രതികളെയും ആലപ്പുഴ അഡിഷനൽ ജില്ലാ ആന്റ് സെഷൻ കോടതി (2) എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
24 വരെയാണ് കസ്റ്റഡി. ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നൽകാൻ തസ്ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയൽ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു.
കേസിലെ മൂന്നാം പ്രതിയും തസ്ലിമയുടെ ഭർത്താവുമായ സുൽത്താൻ അക്ബർ അലിക്ക് കേസിൽ ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അക്ബർ അലി ലഹരിവസ്തു വിൽക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാംപ്രതിയുടെ ഭർത്താവ് ആണെന്നതിനാൽ മാത്രം തെളിവുകൾ ഇല്ലാതെ പ്രതിചേർത്തതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ഇയാൾ സിംഗപ്പൂരോ മലേഷ്യയോ സന്ദർശിച്ചിരിക്കാമെന്നും എന്നാൽ അതിനു തെളിവില്ലെന്നും അക്ബറിന്റെ അഭിഭാഷകൻ വാദിച്ചു.
മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരുന്നതെങ്കിലും ഒന്നാം പ്രതിയെ കോടതിയിൽ എത്തിക്കാൻ വൈകിയതു കാരണം കസ്റ്റഡി സമയം കുറയുന്നതു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് 24നു വൈകിട്ട് 4 വരെ കസ്റ്റഡി അനുവദിച്ചത്. തസ്ലിമയുടെയും അക്ബർ അലിയുടെയും മക്കളും കോടതിയിൽ എത്തിയിരുന്നു. മൂന്നു പ്രതികളും ജാമ്യത്തിനു നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇതു പരിഗണിക്കും.
ഹൈക്കോടതിയിൽനിന്നുള്ള അഭിഭാഷകൻ ഒന്നാംപ്രതി തസ്ലിമയ്ക്കും രണ്ടാം പ്രതി ഫിറോസിനും വേണ്ടി വക്കാലത്ത് നൽകിയിരുന്നു. എന്നാൽ ഈ അഭിഭാഷകനു വക്കാലത്ത് നൽകുന്നില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.
രണ്ടാം പ്രതിക്കായി ആലപ്പുഴയിൽ നിന്നുള്ള അഭിഭാഷക ഹാജരായി. ഒന്നാം പ്രതിക്കായി ഹൈക്കോടതിയിൽ നിന്നുള്ള മറ്റൊരു അഭിഭാഷകൻ വിഡിയോ കോൺഫറൻസിങ് വഴി ഹാജരായി.
എന്നാൽ ഇയാൾ വക്കാലത്ത് സമർപ്പിച്ചിട്ടില്ലാത്തതിനാൽ കോടതി വാദിക്കാൻ അനുവദിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]