
ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ വായിക്കണം: രാജ്നാഥ് സിങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിനെ ഹീറോയായി കണക്കാക്കുന്നവർ ജവാഹർലാൽ നെഹ്റുവിനെ വായിക്കണമെന്നും മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമായാണ് അദ്ദേഹം ഔറംഗസേബിനെ രേഖപ്പെടുത്തിയതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇടതുപക്ഷ ചേരിയോട് ചേർന്നു പ്രവർത്തിച്ച ചരിത്രകാരന്മാർ മേവാർ ഭരണാധികാരി റാണാ പ്രതാപിനോ ഛത്രപതി ശിവാജി മഹാരാജിനോ വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നും അതേസമയം ഔറംഗസേബിനെ പാടിപ്പുകഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ മേവാർ ഭരണാധികാരി മഹാറാണാ പ്രതാപിന്റെ പ്രതിമ ഛത്രപതി സംഭാജിനഗറിൽ അനാഛാദനം ചെയ്ത പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘ദേശസ്നേഹത്തിന്റെയും ധീരതയുടേയും പ്രതീകമാണ് മഹാറാണാ പ്രതാപ്. അദ്ദേഹത്തിൽ നിന്നാണ് ഛത്രപതി ശിവാജി പ്രചോദനം നേടിയത്. ഇവർ രണ്ടുപേരും മുസ്ലിം വിരുദ്ധരായിരുന്നില്ല. മുസ്ലിംകളും ആദിവാസികളും ഇവരുടെ സൈന്യത്തിന്റെ ഭാഗമായിരുന്നു. മുഗളർക്കെതിരായ ഹാൽദിഘട്ടി യുദ്ധത്തിൽ ഹക്കീംഖാൻ സൂരി എന്ന പോരാളി റാണാ പ്രതാപിനോടൊപ്പം പോരാടി. ശിവാജിയുടെ അംഗരക്ഷകരിൽ ഏറ്റവും വിശ്വസ്തൻ മദാരി എന്ന മുസ്ലിമായിരുന്നു. ഔറംഗസേബിനേയും ബാബറിനേയും പുകഴ്ത്തുന്നത് രാജ്യത്തെ മുസ്ലിംകളെയൊന്നാകെ ആക്ഷേപിക്കുന്നതിന് സമാനമാണ്– രാജ്നാഥ് പറഞ്ഞു.
ഛത്രപതി സംഭാജി നഗറിലെ കുൽദാബാദിലുള്ള ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി, ബജ്റംഗദൾ സംഘടനകൾ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.