
ബംഗളൂരു: കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയും മകൾ കൃതിയും പൊലീസ് കസ്റ്റഡിയിൽ. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു.
മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത് എഴുതി വച്ചിരുന്നത്. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു എന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. ‘ഞാനാ പിശാചിനെ കൊന്നു’ (‘I finished that monster’) എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്തിന്റെ മൊഴി.
ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓംപ്രകാശിന്റെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടിൽ വേറെ ആരെങ്കിലും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പല്ലവിയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.
68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 68 വയസ്സായിരുന്നു. 2015 മുതൽ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]