
കേന്ദ്ര ആരോഗ്യമന്ത്രിക്ക് പകരം ക്യൂബന്‍ ഉപമുഖ്യമന്ത്രി; പ്രശ്നമായത് ‘കത്ത്’; വീണ്ടും തിരിച്ചടിച്ച് ‘ഡൽഹിയാത്ര’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിർമലാ സീതാരാമൻ– പിണറായി കേരള ഹൗസ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മന്ത്രി ഡൽഹിയാത്രയും വിവാദത്തിൽ, സർക്കാരിന് തിരിച്ചടിയും. ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ മന്ത്രി വീണാ ജോർജ് നടത്തിയ ഡൽഹി യാത്രയാണ് തിരിച്ചടിച്ചത്. ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരം ആരംഭിക്കുന്നതിന്റെ തലേദിവസം ബുധനാഴ്ച ഉച്ചയ്ക്ക് പൊടുന്നനെ ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെ വീണാ ജോര്‍ജ് പെട്ടെന്നു ഡല്‍ഹിക്കു പോയിരുന്നു.
എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണാന്‍ അനുമതി കിട്ടാതെ ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കണ്ടു മടങ്ങി. മുൻകൂട്ടി അനുമതി ഇല്ലാതെയായിരുന്നോ യാത്രയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മുന്‍കൂട്ടി അനുമതി നേടുന്നതില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു. ബുധനാഴ്ച വൈകിട്ട് കത്തു നല്‍കിയിരുന്നതായും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നുമാണ് ഇതു സംബന്ധിച്ച് ഉണ്ടായ വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരം.
ബുധനാഴ്ച ഉച്ചയ്ക്ക് എന്‍എച്ച്എം ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് മൂന്നു മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരസമിതി നേതാക്കളെ കണ്ടത്. സമരത്തില്‍നിന്നു പിന്മാറണമെന്ന അഭ്യര്‍ഥന മുന്നോട്ടുവച്ചതൊഴിച്ചാല്‍ സമരം പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. തുടര്‍ന്ന് ആശയറ്റ ആശമാര്‍ പട്ടിണി സമരത്തിലേക്കു കടന്നു. ഇതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോർജ് ഡല്‍ഹിക്കു പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ആശമാരുടെ പ്രശ്നം മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുടെ ശ്രദ്ധയില്പെടുത്തുമെന്ന പ്രതീക്ഷയിലായി സമരക്കാര്‍.
-
Also Read
കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതിരുന്നതിനാല്‍ വീണാ ജോര്‍ജ് ക്യൂബന്‍ സംഘത്തെ കണ്ട ശേഷം മടങ്ങി. നിയമസഭ നടക്കുന്നതിനിടെ ഡല്‍ഹി യാത്രയ്ക്ക് 12നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിക്ക് അനുമതി നല്‍കിയത്. എന്നാല്‍ കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ഡല്‍ഹിയില്‍ വച്ച് മന്ത്രിയോട് ചോദിച്ചപ്പോള്‍ വ്യക്തതയില്ലായിരുന്നു. കേരള ഹൗസില്‍ എത്തിയിട്ട് നോക്കാമെന്ന് പ്രതികരിച്ച മന്ത്രി പിന്നീടാണ് അനുമതി ലഭിച്ചില്ലെന്ന് അറിയിച്ചത്. കൂടിക്കാഴ്ച നടക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി. അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ വീണ്ടും ഡല്‍ഹിയിലെത്തുമെന്നാണ് മന്ത്രിയുടെ വിശദീകരണം.
കേന്ദ്രമന്ത്രിയെ കാണാനാകാതെ നാട്ടിലേക്കു മടങ്ങേണ്ടിവന്ന സാഹചര്യം മന്ത്രി വീണാ ജോര്‍ജ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിശദീകരിച്ചു. ‘‘ഡല്‍ഹി യാത്രയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് പറഞ്ഞത്. വ്യാഴാഴ്ച കാണാന്‍ അപ്പോയിന്റ്മെന്റ് കിട്ടിയില്ല, ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴെന്നറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണും. മുഖ്യമന്ത്രി 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ക്യൂബന്‍ സംഘത്തെ കണ്ടത്. കാന്‍സര്‍ വാക്സീന് ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സഹകരണം. കേന്ദ്ര സ്കീമിലെ പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നില്ക്കുമ്പോള് ഒരു സംസ്ഥാന മന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്ര മന്ത്രിയെ കാണാന്‍ അനുവാദം തേടുന്നതാണോ തെറ്റ്? അതോ അത് നല്കാതിരിക്കുന്നതാണോ?’ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇതാണ്. ഡല്‍ഹി യാത്രയെക്കുറിച്ച് സ്പീക്കര്‍ നിയമസഭയില്‍ പറയുന്നതിന്റെ വിഡിയോയും ആരോഗ്യമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.