
ബെംഗളൂരു: ബെംഗളുരു നോർത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രസഹമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഡിഇഒയാണ് കോട്ടൺപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തി എന്നതടക്കം ചൂണ്ടിക്കാട്ടി, ജനപ്രാതിനിധ്യനിയമത്തിന്റെ 123 (3), (3A), 125 എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ഉള്ളത്.
തമിഴ്നാട്ടിൽ നിന്ന് തീവ്രവാദപരിശീലനം നേടിയവർ ബെംഗളുരുവിൽ വന്ന് സ്ഫോടനം നടത്തുന്നുവെന്ന പ്രസ്താവനയ്ക്ക് എതിരെ ഡിഎംകെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനോട് ശോഭയ്ക്കെതിരെ ഉടനടി നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. ഇതിൽ പൊലീസിന്റെ തുടർനടപടി നിർണായകമാണ്.
വിദ്വേഷ പരാമർശം ഇങ്ങനെ
ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നു എന്നും അവർ ആരോപിച്ചു. കോൺഗ്രസ് സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.
Last Updated Mar 21, 2024, 6:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]