
തിരുവനന്തപുരം – അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം, മോഹനനാകരുത്. കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ചത്. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.
‘മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തില്‍ മാര്‍ക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നാട്യശാസ്ത്രത്തിലും സൗന്ദര്യത്തെക്കുറിച്ച് പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറെ പയ്യന്മാര് ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കറുത്ത കുട്ടികള്‍ക്ക് മത്സരിക്കാനാകും. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയാണ് വേണ്ടത്. ഞാന്‍ ആ അഭിമുഖത്തില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. പിന്നെ എന്താണ് നിങ്ങളുടെ പ്രശ്നം. ഞാന്‍ ഇനിയും പറയും. പറഞ്ഞതില്‍ എനിക്ക് കുറ്റബോധമില്ല. ഞാന്‍ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണ്’ -സത്യഭാമ പറഞ്ഞു.
കേസിന് പോയാല്‍ പോട്ടെയെന്നും ആരെയും ജാതീ അധിക്ഷേപം നടത്തിയിട്ടില്ലെന്നും പറഞ്ഞ സത്യഭാമ പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോള്‍ എന്ന് പറഞ്ഞും അധിക്ഷേപം തുടര്‍ന്നു. പ്രതികരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ട നര്‍ത്തകനുമായ ഡോ. ആര് എല്‍ വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സത്യഭാമ രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]