
കാസര്‍കോട്: ഉത്തര മലബാറില്‍ ഇത് തെയ്യക്കാലമാണ്. അതിനാല്‍ തന്നെ തെയ്യം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളും പ്രചാരണാര്‍ത്ഥം സജീവമാവുകയാണ്. കാസര്‍കോട് മൂന്ന് സ്ഥാനാര്‍ത്ഥികളും തെയ്യങ്ങളുടെ അനുഗ്രഹം വാങ്ങിയ ശേഷം പ്രചാരണത്തിന് ഇറങ്ങുന്നതാണ് ഇപ്പോൾ മിക്ക ദിവസത്തെയും കാഴ്ച.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണനും എൻഡിഎ സ്ഥാനാര്‍ത്ഥി എംഎല് അശ്വിനിയുമെല്ലാം തെയ്യ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഉത്സവാന്തരീക്ഷങ്ങളിലുമെല്ലാം വോട്ടര്‍മാരെ കണ്ട് സംസാരിച്ച് വോട്ട് തേടി മുന്നേറുകയാണ്.
തെയ്യക്കാവുകളില്‍ വോട്ടര്‍മാര്‍ തിങ്ങിനിറയുമ്പോൾ ഇവിടങ്ങളില്‍ സന്ദര്‍ശിക്കാതെ പോകാൻ സ്ഥാനാര്‍ത്ഥികള്‍ക്കാവില്ലല്ലോ. അതേസമയം തെയ്യത്തിന്റെ ആത്മീയവും സാംസ്കാരികവുമായ അന്തരീക്ഷവും അനുഭവവും ഇവര്‍ മനസുകൊണ്ട് ഏറ്റെടുക്കുന്നുമുണ്ട്.
ഇതെല്ലാം സംസ്കാരത്തിന്റെ ഭാഗമാണ്, നമ്മളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പൊതുവിടങ്ങളാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണൻ പറയുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നമ്മളെ ഒരു എംപിയായിട്ടല്ല,ഭക്തനായി,അവരിലൊരാളായിട്ടാണ് കാണുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ.
ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും ഭവതിയുമെല്ലാം നിറഞ്ഞാടുന്നിടത്ത് വോട്ടുചോദിച്ച് സ്ഥാനാര്‍ത്ഥികൾ എത്തുമ്പോള്‍ വോട്ടര്‍മാര്‍ക്കും അതൊരു സന്തോഷവും സൗകര്യവുമാണ്.
ഉത്തരകേരളത്തിലും കര്‍ണാടകത്തിലുമായി നിലനില്‍ക്കുന്നൊരു പുരാതന അനുഷ്ഠാനകലാരൂപമാണ് തെയ്യം. പുരാതനമായ നാടൻ കല, ജനകീയമായ കല എന്ന നിലയിലെല്ലാം തെയ്യം ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്.
വാര്‍ത്തയുടെ വീഡിയോ കാണാം:-
Last Updated Mar 20, 2024, 10:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]