

First Published Mar 20, 2024, 3:18 PM IST
ഇനി ലോക ശ്രദ്ധ കടലാഴങ്ങളിലേക്ക്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അമൂല്യവും ഒപ്പം അതിസമ്പന്നവുമായ ഭൌമ ധാതുക്കള്‍ അടങ്ങിയ വലിയൊരു അതിപുരാതനമായ ദ്വീപിന്റെ സാന്നിധ്യം തന്നെയാണ് ഇതിന് കാരണം. അപൂർവ ഭൗമ മൂലകങ്ങളുടെയും വിലയേറിയ മറ്റ് ധാതുക്കളുടെയും വലിയൊരു കരുതൽ ശേഖരം ഈ സമുദ്രാന്തര്‍ ദ്വീപിലുണ്ട്. ഏകദേശം 40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു അഗ്നിപർവ്വത പർവതമായി രൂപപ്പെട്ട, റിയോ ഗ്രാൻഡെ റൈസ് എന്ന് അറിയപ്പെടുന്ന ഈ ഭൂഖണ്ഡ പീഠഭൂമി ഇന്ന് സമുദ്രാന്തര്‍ഭാഗത്താണ്.
വെള്ളത്തിനടിയിലായ ഈ ദ്വീപിൽ കോബാൾട്ട്, ലിഥിയം, നിക്കൽ തുടങ്ങിയ വിലപിടിപ്പുള്ള ധാതുക്കളും ടെല്ലൂറിയം പോലെയുള്ള ഉയർന്ന വിലയുള്ള അപൂർവ ഭൌമ മൂലകങ്ങളും ധാരാളമായി ഉണ്ട്. പ്രകൃതി വാതകത്തില്‍ നിന്നും മറ്റ് ഊര്ജ്ജശ്രോതസുകളിലേക്കുള്ള മാറ്റം ആഗ്രഹിക്കുന്ന വ്യാവസായിക ലോകം ഇതിനകം ഈ പ്രദേശത്തിന്റെ വിപണി മൂല്യം മനസിലാക്കിക്കഴിഞ്ഞു. ഇന്ന് ബ്രസീല്‍ തീരത്ത് നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ മാറി കടലിന്റെ അടിയിലായ ഈ പ്രദേശം ഒരിക്കല്‍ അഗ്നിപര്‍വ്വതമായി രൂപപ്പെട്ടതും കാലാന്തരത്തില്‍ സസ്യജാലങ്ങളാൽ മൂടപ്പെട്ട ഒരു വലിയ ഉഷ്ണമേഖലാ ഭൂപ്രദേശമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
കടലിന്റെ അടിയില്‍ 700 മുതൽ 2,000 മീറ്റർ വരെ ആഴത്തിൽ 1,50,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നു. 2018 ലാണ് ഈ ‘പർവതം ഒരു ദ്വീപായിരുന്നിരിക്കാം’ എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. റിയോ ഗ്രാൻഡെ റൈസിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ഖനനം ചെയ്തെടുത്ത മണ്ണില്‍ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിന് പിന്നില്‍. ശേഖരിച്ച മണ്ണിന്റെ മിനറോളജിക്കൽ, ജിയോകെമിക്കൽ, കാന്തിക ഗുണങ്ങൾ വിലയിരുത്തുമ്പോൾ, അവ ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന “റെഡ് എർത്ത്” (ടെറ റോക്സ) സ്വഭാവവുമായി ഏറെ സാമ്യമുള്ള ചുവന്ന കളിമണ്ണാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഓക്സിഡൈസ്ഡ് മാഗ്നറ്റൈറ്റ്, ഹെമറ്റൈറ്റ്, ഗോഥൈറ്റ്, കയോലിനൈറ്റ് എന്നിവയുൾപ്പെടെയുള്ള അഗ്നിപർവ്വത പാറകളുടെ വ്യതിയാനങ്ങൾക്ക് സമാനമായ നിരവധി ധാതുക്കൾ ഈ മണ്ണില്‍ നിന്നും ഗവേഷകർ കണ്ടെത്തി. ഗവേഷണവും വിശകലനവും പ്രദേശം പണ്ടൊരു ദ്വീപ് ആയിരുന്നുവെന്നതിന് തെളിവ് നല്‍കുന്നതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് നോക്കിയാൽ, സജീവമായ അഗ്നിപർവ്വതങ്ങളുള്ള ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ അഗ്നിപർവ്വത പാറകളുടെ തീവ്രമായ രാസ കാലാവസ്ഥയുടെ ഫലമായാണ് കളിമണ്ണ് രൂപപ്പെട്ടതെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഭൗമശാസ്ത്രപരമായി പറഞ്ഞാൽ, 45 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നടന്ന അവസാന അഗ്നിപർവ്വത പ്രവർത്തനത്തിന് ശേഷമാണ് ഈ കളിമണ്ണ് രൂപപ്പെട്ടതെന്ന് ഗവേഷകനായ ലൂയിജി ജോവൻ പറയുന്നു.
നിലവില്‍, അന്താരാഷ്ട്ര സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവതം ഇന്റർനാഷണൽ സീബേഡ് അതോറിറ്റിയാണ് നിയന്ത്രിക്കുന്നത്. അപൂര്‍വ്വ ലോഹങ്ങളാല്‍ സമ്പന്നമായ പ്രദേശം തങ്ങളുടെ കോണ്ടിനെന്റൽ ഷെൽഫില്‍ ഉള്‍പ്പെടുത്താന്‍ ബ്രസില്‍ നിയമപരമായി തന്നെ ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ബ്രസീലിന്റെ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കാരണം, യുഎന്നിന്റെ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ അനുസരിച്ച് ഒരു രാജ്യത്തിന് തങ്ങളുടെ തീരപ്രദേശത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരെവരെയുള്ള കടല്‍ പ്രദേശം മാത്രമേ കൈവശം വെയ്ക്കാന്‍ അധികാരമൊള്ളൂ. അതേസമയം ലോക രാജ്യങ്ങളും സ്വകാര്യ ഊര്‍ജ്ജ വ്യവയായ ഗ്രൂപ്പുകളും പ്രദേശത്ത് കണ്ണ് വെയ്ക്കുന്നു. ഇത്രയും കടലാഴത്തില്‍ നിന്നും ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ അത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Last Updated Mar 20, 2024, 3:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]