
ന്യൂഡൽഹി : വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിന് ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബി.ബി.സി ഇന്ത്യയുടെ മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ വീതം പിഴ നൽകണമെന്നും ഇ.ഡി നിർദ്ദേശിച്ചു. 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി. ഡിജിറ്റൽ മാദ്ധ്യമങ്ങൾക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്ന് ഇ.ഡി വ്യക്തമാക്കി. 2021 ഒക്ടോബർ 15 മുതൽ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി ഇന്ത്യക്ക് പിഴയിടുന്നതെന്നും ഇ.ഡി അറിയിച്ചു. 3,44,45,850 രൂപയാണ് കൃത്യം പിഴത്തുകയെന്നും ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.
ഡയറക്ടർമാരായ ഇന്ദുശേഖർ സിൻഹ. പോൾ മൈക്കിൾ ഗിബ്ബൻസ്, ഗൈൽസ് ആന്റണി ഹണ്ട് എന്നിവർക്കാണ് 1,14,82,950 രൂപ പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവിൽ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവർ എന്ന നിലയ്ക്കാണ് ഇവർക്ക് പിഴയിട്ടത്.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ബി.ബി.സിയുടെ വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ ബി.ബി.സി ഇന്ത്യയുടെ ഡൽഹി. മുംബയ് ഓഫീസുകളിലായിരുന്നു പരിശോധന. ഈ റെയ്ഡിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]