
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. ഓപ്പണറും വിക്കറ്റ് കീപ്പറുമായ റയാന് റിക്കിള്ടണ് നേടിയ സെഞ്ച്വറിയുടെ 103(106) മികവില്‍ നിശ്ചിത 50 ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് ആഫ്രിക്കന്‍ കരുത്തര്‍ അടിച്ചെടുത്തത്. ഏഴ് ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു റിക്കിള്‍ടണിന്റെ ഇന്നിംഗ്സ്. തമ്പ ബവൂമ, റാസി വാന്‍ ഡര് ഡസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയതോടെയാണ് ദക്ഷിണാഫ്രിക്ക 300 കടന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് തെമ്പ ബവൂമ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ടോണി ഡി സോര്‍സി 11(11)യുടെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയ നായകന് ബവൂമ 56(76) റിക്കിള്‍ടണിനൊപ്പം രണ്ടാം വിക്കറ്റില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്ന വാന്‍ ഡര് ഡസന്‍ 52(46) പുറത്താകാതെ നിന്ന എയ്ഡന്‍ മാര്‍ക്രം 52*(36) എന്നിവര്‍ സ്കോറിംഗിന് വേഗം കൂട്ടി.
ഡേവിഡ് മില്ലര്‍ 14(18) റണ്‍സ് നേടി പുറത്തായപ്പോള്‍ മാര്‍ക്കോ യാന്സന് പൂജ്യത്തിന് പുറത്തായി. ആറ് പന്തുകളില്‍ ഒന്ന് ഓരോ സിക്സറും ഫോറും പായിച്ച വിയാന്‍ മള്‍ഡര്‍ 12 റണ്‍സ് നേടി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫസല്‍ഹഖ് ഫറൂഖി, അസ്മത്തുള്ള ഒമര്‍സായി, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പര്‍ താരം റാഷിദ് ഖാന് വിക്കറ്റൊന്നും നേടാനായില്ല. പത്ത് ഓവറുകള്‍ പന്തെറിഞ്ഞ താരം 59 റണ്‍സ് ആണ് വിട്ടുകൊടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]