
മിയാമി: മൂന്നാം ലോകമഹായുദ്ധം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ നേതൃത്വം ഈ യുദ്ധം തടയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് പ്രയോറിറ്റി ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്.
ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ ലോകമെമ്പാടും അതിവേഗം നീക്കം നടത്തുകയാണെന്നും ട്രംപ് അവകാശപ്പെട്ടു- “മിഡിൽ ഈസ്റ്റിലെ മരണങ്ങളും റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ മരണങ്ങളും നോക്കൂ. അത് അവസാനിപ്പിക്കാൻ പോകുന്നു. മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആർക്കും ഒരു ലാഭവുമില്ല. അത് അത്ര അകലെയല്ല.”
ബൈഡന്റെ ഭരണം ഒരു വർഷം കൂടി തുടർന്നിരുന്നെങ്കിൽ ഇതിനകം മൂന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടുണ്ടാകും ആയിരുന്നെന്ന് ട്രംപ് പറഞ്ഞു. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസും റഷ്യയും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും പിന്തുണച്ചതിനും സൗദി അറേബ്യയ്ക്ക് അമേരിക്കൻ പ്രസിഡന്റ് നന്ദി പറഞ്ഞു, ചർച്ചകളെ വലിയ ചുവടുവയ്പ്പ് എന്ന് വിശേഷിപ്പിച്ചു.
അതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയെ ട്രംപ് വിമർശിച്ചു. തെരഞ്ഞെടുപ്പ് നടത്താത്ത സ്വേച്ഛാധിപതി എന്നാണ് സെലൻസ്കിയെ കുറിച്ച് ട്രംപ് പറഞ്ഞത്. സൗദി അറേബ്യയിലെ ചർച്ചകളിൽ യുക്രൈനെ ക്ഷണിക്കാതിരുന്നതിനെ ട്രംപ് ന്യായീകരിച്ചു- “ഞാൻ യുക്രൈനെ സ്നേഹിക്കുന്നു. പക്ഷേ സെലൻസ്കി രാജ്യം തകർത്തു. ദശലക്ഷക്കണക്കിന് ആളുകൾ ഒരു കാരണവുമില്ലാതെ മരിച്ചു. ഇരുപക്ഷത്തോടും സംസാരിച്ചില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാനാവില്ല. അതിനാൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്നും യൂറോപ്പിലും മിഡിൽ ഈസ്റ്റിലും സ്ഥിരത പുനഃസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു”.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]