
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പ് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. നിലവിലെ 5000 കോടിയുടെ നിക്ഷേപത്തിന് പുറമെ 20000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നടത്താൻ പോകുന്നത്. അടുത്ത അഞ്ച് വർഷം കൊണ്ട് 30000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ഇൻവസ്റ്റ് കേരളയുടെ ഉദ്ഘാടന ചടങ്ങിലാണ് കരൺ അദാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5500 കോടിയുടെ നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു. നിലവിലെ യാത്രികരുടെ എണ്ണം 4.5 മില്യണിൽ നിന്ന് 12 മില്യണായി ഉയർത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമായ വികസിത ഭാരത് ലക്ഷ്യം കാണണമെങ്കിൽ പ്രാദേശിത തലങ്ങളിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയണം. കേരളം അത്തരത്തിൽ ആസൂത്രിതമായ നിക്ഷേപത്തിലൂടെ വികസനം കൊണ്ടുവരാം കഴിയും എന്നതിന് മികച്ച ഉദാഹരണമാണെന്ന് കരൺ വ്യക്തമാക്കി.
കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കാണ് (ഐ.കെ.ജി.എസ്) ഇന്ന് തുടക്കമായത്. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രൗഡഗംഭീര ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ വാസവൻ, എം.ബി രാജേഷ്, ബഹ്റൈൻ, അബുദാബി, സിംബാബ്വേ മന്ത്രിമാർ, വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.
വ്യവസായത്തിനുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് ഉച്ചകോടിയിൽ സംരംഭകർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ്ക്ക് സഹായകരമാകുന്ന സമഗ്രചട്ട ഭേദഗതി ഉടനുണ്ടാകും. ഇതിനുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി സംരംഭകരെ അറിയിച്ചു. വ്യവസായങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. റോഡ്, റെയിൽ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകി. ദേശീയ പാതകൾ മാത്രമല്ല എല്ലാ റോഡുകളുടെയും വികസനം ഉറപ്പാക്കി. പവർകട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി കിട്ടാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ല. 100ൽ 87 കേരളീയർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.