
തിരുവനന്തപുരം: കഴിഞ്ഞ 12 ദിവസമായി സെക്രട്ടറിയേറ്റിന് മുൻപിൽ ആശാ വർക്കർമാർ നടത്തുന്ന സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും മെച്ചപ്പെട്ട സാഹചര്യമുളളവർക്ക് വാരിക്കോരി പണം നൽകുമ്പോൾ ആശാ വർക്കർമാരെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘അധ്വാനിക്കുന്ന വർഗത്തിന്റെ കൂടെ നിൽക്കുന്ന ന്യായമായ കാഴ്ചപ്പാടാണ് ഞങ്ങൾക്കുളളത്. ഈ സമരത്തെ രാഷ്ട്രീയമാക്കി മാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കും. കൊവിഡ് സമയത്ത് കേരളത്തെ ചേർത്ത് പിടിച്ചവരാണ് ഈ സ്ത്രീകൾ.അവരെ ശത്രുക്കളായി കാണില്ല. സമൂഹം എല്ലാം കാണുന്നുണ്ട്’- ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സമരത്തെ ബിനോയ് വിശ്വം പിന്തുണച്ചതിൽ നന്ദി അറിയിച്ചിരിക്കുകയാണ് ആശാ വർക്കർമാർ.
ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു. ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്. ആരോഗ്യമന്ത്രി വീണ ജോർജിനെ കാണാൻ ഔദ്യോഗിക വസതിയിൽ ചെന്നപ്പോൾ മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന് സമരസമിതി നേതാവ് എസ് മിനി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണം ദുരുദ്ദേശപരമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]