
കൊച്ചി: സംസ്ഥാനത്തെ റോഡുകൾ ഇനി വേറെ ലെവൽ ആകും. ദേശീയ പാതകളുടെ വികസനത്തിന് 50,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 896 കിലോമീറ്റർ ദൈർഘ്യത്തിൽ 31 പുതിയ പദ്ധതികൾക്കാണ് കേന്ദ്രം പണം മുടക്കുന്നത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട്-പാലക്കാട് ദേശീയപാത നാലുവരിപാതയാക്കാൻ മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കും. 10814 കോടിയാണ് ചെലവ്. തലസ്ഥാന നഗരത്തിലെ ഔട്ടർ റിംഗ് റോഡിനായി 5000 കോടി ചെലവ് വരും. ടൂറിസമാണ് കേരളത്തിന്റെ ഹൃദയം എന്നും കേരളത്തിൽ സമ്പന്നമായ ആയുർവേദമടക്കമുള്ള മേഖലകളിലേക്ക് വിദേശത്ത് നിന്നുമടക്കം നിരവധിപേർ എത്തുന്നുണ്ടെന്നും വികസനത്തിനായി റോഡ് വികസനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി 120 കിലോമീറ്റർ ദൂരംവരുന്നതാണ് ദേശീയപാത 966 നാലുവരിയാക്കൽ പദ്ധതി. കോയമ്പത്തൂരുമായി വടക്കൻ കേരളത്തെ ബന്ധിപ്പിക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
അങ്കമാലി-കുണ്ടന്നൂർ എറണാകുളം ബൈപാസ് ആറുവരിയാക്കുന്നതിന് 6500 കോടി ചിലവ് വരും. ഇതിന്റെ പ്രവർത്തി ആറ് മാസത്തിനകം ആരംഭിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള പ്രധാന പാതയായ തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിനായി പ്രവർത്തികൾ നാലഞ്ച് മാസത്തിനകം തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലത്തും കേന്ദ്ര പദ്ധതിയുണ്ട്. തമിഴ്നാട്ടിലെ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയ്ക്ക് 38.6 കിലോമീറ്ററാണ് ദൂരം. ഇതിനായി 300 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.