
മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഒരുകാലത്ത് ഗള്‍ഫ് മാത്രമായി ചുരുങ്ങിയതായിരുന്നു മോളിവുഡിന്റെ ഓവര്‍സീസ് മാര്‍ക്കറ്റ് എങ്കില്‍ ഇന്ന് കാര്യങ്ങള്‍ അപ്പാടെ മാറിയിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിന്റെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. ഇപ്പോഴിതാ റിലീസിന് മുന്‍പുതന്നെ യുകെയില്‍ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്ഫുള് ഷോകളുടെ എണ്ണം വാര്‍ത്തയാവുകയാണ്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 22 വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ യുകെയില്‍ 11 ല്‍ ഏറെ ഹൗസ്ഫുള് ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്. ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജാനെമന്‍ എന്ന ചിത്രത്തിലൂടെ സര്‍പ്രൈസ് ഹിറ്റ് അടിച്ച് അരങ്ങേറിയ ചിദംബരത്തിന്റെ രണ്ടാം ചിത്രം എന്നതാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രധാന യുഎസ്പി. കൊടൈക്കനാലിലെ ‘ഗുണാ കേവ്സും’ അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണിത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Last Updated Feb 20, 2024, 10:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]