തിരുവനന്തപുരം: കൊവിഡ് കാലത്ത് ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻക്രമക്കേടെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ (സിഎജി) റിപ്പോർട്ട് പുറത്ത്. 10.23 കോടി രൂപയുടെ അധികബാധ്യത സർക്കാരിനുണ്ടായെന്നും പൊതുവിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2020 മാർച്ച് 28ന് പിപിഇ കിറ്റ് സർക്കാർ 550 രൂപ നിരക്കിൽ വാങ്ങിയെന്നും രണ്ട് ദിവസത്തിനുശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.
രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മഹാരാഷ്ട്ര ആസ്ഥാനമായ സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ‘മഹാമാരിയുടെ കാലത്ത് ജനം പകച്ചു നിൽക്കുമ്പോഴാണ് ഒന്നാം പിണറായി സർക്കാർ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവൻ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവർണാവസരമായി സർക്കാർ കൊവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി ആർ ഏജൻസികളുടെ പ്രൊപ്പഗണ്ടകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇന്ന് പുറത്തു വന്ന സിഎജി റിപ്പോർട്ട് പി ആർ ഇമേജിനെ തകർക്കുന്നതാണ്’- സതീശൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് വീണാ നായർ ലോകായുക്തയ്ക്ക് പരാതി നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ വലിയ രീതിയിലുളള അഴിമതിയാണ് നടത്തിയെന്നാണ് വീണാ നായർ ആരോപിക്കുന്നത്. ഏകദേശം 500 കോടിയുടെയെങ്കിലും അഴിമതി നടന്നിരിക്കാമെന്നാണ് കോൺഗ്രസ് അനുമാനിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കൊവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്ന തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഈ കൊളളസർക്കാരിന് ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ യോഗ്യതയില്ലെന്നും വീണാ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.