മലയാള സിനിമയിലെ പെരുന്തച്ഛൻ എന്നറിയപ്പെടുന്ന നടൻ തിലകന് താരസംഘടനയായ അമ്മ ഏർപ്പെടുത്തിയ വിലക്കിനെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പല വലിയ നടൻമാർക്കെതിരെയും ശക്തമായ ആരോപണങ്ങൾ നടത്തിയ വ്യക്തിയായിരുന്നു തിലകൻ. ഇപ്പോഴിതാ തിലകന്റെ ജീവിതത്തിലുണ്ടായ ചില പ്രതിസന്ധികൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. യൂട്യൂബ് ചാനലിലൂടെയാണ് അഷ്റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘അഭിനയസിദ്ധി കൊണ്ട് മാത്രം സിനിമയിൽ തിളങ്ങിയ നടനാണ് തിലകൻ. സിനിമയിൽ ഇന്നും തുടരുന്ന കുത്തിതിരുപ്പ്, കുതികാലുവെട്ടൽ തുടങ്ങിയവയിലൊന്നും തിലകൻ ഭാഗമായിട്ടില്ല. അതുകൊണ്ടാണ് സത്യങ്ങൾ തുറന്നുപറയാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. അതിനാൽത്തന്നെ അദ്ദേഹം കടുത്ത പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ഒരേസമയം തന്നെ അദ്ദേഹം താരസംഘടനയായ അമ്മയുമായും ടെക്നീഷ്യൻമാരുടെ സംഘടനയായ ഫെഫ്കയുമായി തിലകന് പിണങ്ങേണ്ടി വന്നിട്ടുണ്ട്.
അമ്മയിലേക്ക് പോയപ്പോൾ തന്റെ സംരക്ഷണത്തിനായി തിലകൻ രണ്ട് പൊലീസുകാരെയും കൊണ്ടാണ് പോയത്. ഇത് അമ്മയെ ചൊടിപ്പിച്ചു. അതോടൊപ്പം സംവിധായകരെ കടുത്ത ഭാഷയിൽ വിമർശിച്ചത് ഫെഫ്കയെയും ചൊടിപ്പിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരും ശ്രമിച്ചിരുന്നില്ല. അങ്ങനെ സിനിമയിൽ നിന്ന് തിലകനെ പൂർണമായും വിലക്കുന്ന അവസ്ഥ ഉണ്ടായി. ആ സമയത്ത് സോഹൻ റോയ് സംവിധാനം ചെയ്ത ഡാം999 എന്ന ഇംഗ്ലീഷ് ചിത്രത്തിൽ തിലകനെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതും ചിലർ നശിപ്പിച്ചു. ആ സമയത്ത് സോഹൻ റോയ്, തിലകനെ സാന്ത്വനിപ്പിച്ച് അഭിനയിപ്പിക്കാതെ എഗ്രിമെന്റിൽ എഴുതിയ മുഴുവൻ പണവും കൊടുത്ത് പറഞ്ഞുവിട്ടു.
ശേഷം അദ്ദേഹം നിലനിൽപ്പിനായി സീരിയലുകളിൽ അഭിനയിക്കാമെന്ന് തീരുമാനത്തിലെത്തി. അതിനും അദ്ദേഹത്തിന് വിലക്കുണ്ടായി. ഈ വിലക്ക് അദ്ദേഹം അറിഞ്ഞപ്പോൾ കരഞ്ഞുപോയെന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് അദ്ദേഹം നാടകരംഗത്തേക്ക് തിരിയുകയായിരുന്നു. അങ്ങനെ അഭിനയരംഗത്ത് തിലകൻ തുടർന്നു. ഇതിനിടയിൽ അദ്ദേഹത്തെ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ഷാജി കൈലാസ് ഇടപെട്ടാണ് സിനിമയിലുളള അദ്ദേഹത്തിന്റെ വിലക്ക് മാറ്റിയത്. അങ്ങനെയാണ് തിലകൻ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ അഭിനയിക്കുന്നത്.
സിനിമാരംഗത്ത് ലിവിംഗ് ടുഗെദർ ആദ്യമായി നടപ്പിലാക്കിയ വ്യക്തിയാണ് തിലകൻ. എനിക്ക് രണ്ട് ഭാര്യയുണ്ടെങ്കിലും അവരെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് തിലകൻ പറയുകയുണ്ടായി. അമ്മ സംഘടന ഒരു മാഫിയയാണെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. മോഹൻലാൽ നല്ലൊരു മനുഷ്യനും നടനുമാണെന്ന് തിലകൻ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അദ്ദേഹത്തിന് ചുറ്റുമുളള ആളുകളെ മാറ്റിനിർത്തിയില്ലെങ്കിൽ സർവനാശമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. കലാകാരൻ സ്വതന്ത്രനായി നിൽക്കട്ടെ, അമ്മയിൽ എന്തിനാണ് ക്രിക്കറ്റ് കളി, മോഹൻലാലിന് സച്ചിനാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമുടി വേണുവിനെക്കുറിച്ചും തിലകൻ പറഞ്ഞിട്ടുണ്ട്. നെടുമുടി വേണു ആട്ടിൻ തോലിട്ട ചെന്നായ ആണെന്നാണ് തിലകൻ പറഞ്ഞത്. ഹിസ് ഹൈനസ് അബ്ദുളള എന്ന സിനിമയിൽ ഉദയവർമ തമ്പുരാൻ എന്ന കഥാപാത്രം ചെയ്യാൻ തിലകൻ അഡ്വാൻസ് വാങ്ങിയിരുന്നു. ആ വേഷം നെടുമുടി വേണു തട്ടിയെടുക്കുകയായിരുന്നുവെന്നാണ് തിലകന്റെ ആരോപണം. നടൻ ദിലീപ് കൊടും വിഷമാണെന്നും സിനിമയിൽ ഉളളവർ സൂക്ഷിക്കണമെന്നും തിലകൻ മുന്നറിയിപ്പ് നൽകിയിരുന്നു’- അഷ്റഫ് പറഞ്ഞു.