ടെൽ അവീവ്: 15 മാസമായി ഗാസയിൽ ബന്ദിയാക്കപ്പെട്ട മകൾ റോമിയെ ഇസ്രയേലി സൈന്യം സുരക്ഷിതയായി കൈകളിലേൽപ്പിച്ചപ്പോൾ ആ അമ്മയ്ക്ക് പറയാൻ വാക്കുകളില്ലായിരുന്നു. കൊച്ചുകുട്ടിയെ പോലെ മകളെ ചേർത്തുപിടിച്ച് മേയ് രവ് ലീഷാം ഗോനൻ വിതുമ്പി.
മകളുടെ മോചന ദൃശ്യങ്ങൾ മറ്റൊരിടത്തു നിന്ന് കണ്ട് റോമിയുടെ പിതാവ് ഏയ്ഥൻ ഗോനനും സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. കുടുംബത്തിന്റെ ആഹ്ളാദം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് ഇന്നലെ ഇന്ത്യയിലേക്ക് തിരിച്ച റോമിയുടെ ഉറ്റബന്ധുവായ ഇസ്രായേലി ചലച്ചിത്രകാരൻ ഡാൻ വോൾമാൻ കേരളകൗമുദിയോടു പറഞ്ഞു.
കേരളകൗമുദിയുടെ ഓൺലൈൻ എഡിഷനിൽ (ഇംഗ്ളീഷ് ) വന്ന വാർത്തയും ഭാഷയറിയില്ലെങ്കിലും റോമിയുടെയും തന്റെയും ചിത്രത്തോടെ കേരളകൗമുദി പത്രത്തിൽ വന്ന വാർത്തയും ബന്ധുക്കൾക്കിടയിൽ ഷെയർ ചെയ്തതായും ഡാൻ അറിയിച്ചു.
ഞായറാഴ്ച രാത്രി ഹമാസ് മോചിപ്പിച്ച റോമി (24), ഡൊറോൺ സ്റ്റെയ്ൻബ്രെചർ (31), എമിലി ഡാമരി (28) എന്നീ യുവതികൾ സുരക്ഷിതരാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഇസ്രയേൽ അറിയിച്ചു. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ അൽ-സാരായ സ്ക്വയറിൽ വച്ചാണ് ഹമാസ് മൂവരെയും റെഡ് ക്രോസിന് കൈമാറിയത്.
റെഡ് ക്രോസ് ഇവരെ ഇസ്രയേൽ സൈന്യത്തിന് കൈമാറി. സൈന്യം തെക്കൻ ഇസ്രയേലിലെ റെയിം മിലിട്ടറി ബേസിലെത്തിച്ചു. ഇവിടെ മൂവരുടെയും അമ്മമാർ എത്തിയിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം ടെൽ അവീവിലെ ഷേബാ മെഡിക്കൽ സെന്ററിൽ എത്തിച്ചു. വിദഗ്ദ്ധ പരിശോധനകൾക്കായി മൂവരും ആശുപത്രിയിൽ തുടരുകയാണ്.
2023 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിനിടെ എമിലിയുടെ ഇടതു കൈയിലെ രണ്ട് വിരലുകൾ നഷ്ടപ്പെട്ടിരുന്നു. എമിലി ആരോഗ്യവതിയാണെന്ന് കുടുംബം അറിയിച്ചു. ഞായറാഴ്ച നിലവിൽ വന്ന, 42 ദിവസം നീളുന്ന ആദ്യ ഘട്ട വെടിനിറുത്തലിൽ ആകെ 33 ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് സമ്മതിച്ചിട്ടുള്ളത്. അടുത്ത നാല് ബന്ദികളെ ഏഴാം ദിനം മോചിപ്പിക്കും.
വെടിയൊച്ച നിലച്ച് ഗാസ
ഗാസയിൽ ഹമാസ് – ഇസ്രയേൽ വെടിനിറുത്തലിന്റെ രണ്ടാം ദിനമായ ഇന്നലെ സ്ഥിതിഗതികൾ സമാധാനപരമായി കടന്നുപോയി. അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവർക്ക് വീടിന്റെ സ്ഥാനത്ത് അവശിഷ്ടങ്ങൾ മാത്രമാണ് കാണാനായത്. അതേ സമയം, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും ഇന്ധനവും മറ്റുമായി നൂറുകണക്കിന് സഹായ ട്രക്കുകൾ എത്തുന്നത് ആശ്വാസമാണ്. ഞായറാഴ്ച 630ലേറെ സഹായ ട്രക്കുകൾ ഗാസയിലേക്ക് കടന്നതായി യു.എൻ അറിയിച്ചു. അതേ സമയം, ഇസ്രയേൽ വിട്ടയച്ച 90 പാലസ്തീനിയൻ തടവുകാരിൽ 69 പേരും വെസ്റ്റ് ബാങ്കിലും ജെറുസലേമിലും നിന്നുള്ള സ്ത്രീകളാണ്. 21 പേർ പ്രായപൂർത്തിയാകാത്ത ആൺക്കുട്ടികളും. 25ന് നാല് ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിക്കും. ഒരു ബന്ദിക്ക് 30 പാലസ്തീനിയൻ തടവുകാരെ വീതം ഇസ്രയേലും വിട്ടയയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]