
പത്തനംതിട്ട:തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ സസ്പെന്‍ഷനിലായ അധ്യാപിക ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ കുടുക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് സസ്പെന്‍ഷനിലായ അധ്യാപിക മിലീന ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളേജിലെ മറ്റൊരു അധ്യാപികയുടെ നേതൃത്വത്തിൽ വന്‍ ഗൂഢാലോചന നടന്നുവെന്ന് മിലീന ആരോപിച്ചു. വിദ്യാർത്ഥികളെ കോപ്പി അടിക്കാൻ സഹായിച്ച അദ്ധ്യാപികയാണവർ. ഉത്തരസൂചിക നൽകി അവർ പരീക്ഷ നടത്തി. ഇക്കാര്യങ്ങളെല്ലാം കണ്ടുപിടിച്ച് വിദ്യാഭ്യാസ വകുപ്പിനെ താൻ അറിയിച്ചു. അതിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നാടകം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ അദ്ധ്യാപിക ബലിയാടാക്കുകയായിരുന്നു.
കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുന്നു ആത്മഹത്യക്ക് ശ്രമിച്ച രണ്ടാം വർഷ വിദ്യാർത്ഥിയെ താൻ പഠിപ്പിക്കുന്നില്ല. ആത്മഹത്യാശ്രമം നടന്നോ എന്ന് തന്നെ കൃത്യമായി അന്വേഷിക്കണം.അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും ഫോൺ കോളുകൾ, വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കണമെന്നും മിലീന ജെയിംസ് പറഞ്ഞു. അതേസമയം, മിലീന ജെയിംസിന്റെ ആരോപണം തള്ളി ഡയറ്റിലെ സൈക്കോളജി വിഭാഗം അധ്യാപിക രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതം എന്ന് സൈക്കോളജി വിഭാഗം അദ്ധ്യാപിക ഡോ.കെകെ ദേവി പറഞ്ഞു. ഡിഡിഇ തലത്തിൽ പരിശോധന നടത്തി വ്യാജ എന്ന് തെളിഞ്ഞ ആരോപണങ്ങൾ ആണ് മിലീന ജയിംസ് വീണ്ടും ഉന്നയിക്കുന്നത്. കോപ്പിയടി ആക്ഷേപം ഉൾപ്പെടെ എല്ലാം വ്യാജമെന്നും ഡോ. കെകെ ദേവി പറഞ്ഞു. വിദ്യാർത്ഥികൾ അത്രയധികം പ്രശ്നങ്ങൾ മിലീനയിൽ നിന്ന് നേരിട്ടു. അതാണവർ പരാതികൾ നൽകിയത്ന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.
മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിയുടെ മൊഴിയിൽ മലയാളം വിഭാഗം അധ്യാപികയായ മിലീന ജയിംസ് ന് എതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഇതിനുപിന്നാലെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി കൂടിയായ രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് ആണ് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് കേസെടുത്തതിനാല്‍ നിലവില്‍ ഒളിവിലാണ് മിലീന ജെയിംസ്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്.
Last Updated Jan 21, 2024, 8:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]