
പനാജി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആഡംബര ഹോട്ടല്‍ മാനേജർ അറസ്റ്റില്‍. 29 കാരനായ ഗൗരവ് കത്യാർ ആണ് അറസ്റ്റിലായത്. ഗോവയിലാണ് സംഭവം നടന്നത്.
താൻ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ ദിക്ഷ ഗാംഗ്വാർ കടലിൽ മുങ്ങിമരിച്ചുവെന്നാണ് ഗൗരവ് കത്യാർ എല്ലാവരോടും പറഞ്ഞത്. സൗത്ത് ഗോവയിലെ കോൾവയിൽ മാരിയട്ട് ഇന്റർനാഷണലിന്റെ ആഡംബര ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുകയാണ് ഗൗരവ് കത്യാർ.
ലഖ്നൗ സ്വദേശിയായ ഗൗരവ് കത്യാർ ഒരു വർഷം മുമ്പാണ് ദിക്ഷയെ വിവാഹം കഴിച്ചത്. തുടക്കം മുതല്‍ ഇവരുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഗൗരവിന്റെ വിവാഹേതരബന്ധം ദിക്ഷ അറിഞ്ഞതോടെയാണ് കൊലപാതകമെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഗൗരവ് ഭാര്യയെ ഗോവയിലെ കടൽത്തീരത്ത് കൊണ്ടുപോയി മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാബോ ഡി രാമ ബീച്ചിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ചില വിനോദസഞ്ചാരികൾ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവും യുവതിയും കടലിലേക്ക് ഇറങ്ങുന്നത് തങ്ങൾ കണ്ടെന്നും എന്നാൽ പിന്നീട് തിരിച്ചുകയറുമ്പോള്‍ യുവാവിനെ മാത്രമേ കണ്ടുള്ളൂ എന്നുമാണ് വിനോദസഞ്ചാരികള്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് ദിക്ഷയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.
എന്നാല്‍ ഗൌരവ് പറഞ്ഞത് താനില്ലാത്ത സമയത്ത് ഭാര്യ കടലില്‍ മുങ്ങിമരിച്ചു എന്നാണ്. പക്ഷെ ഒരു വിനോദസഞ്ചാരി ചിത്രീകരിച്ച വീഡിയോ ഗൌരവിന് വിനയായി. ഗൌരവ് തനിച്ച് കടലില്‍ നിന്ന് തിരിച്ചുകയറുന്നതും വീണ്ടും കടലിലേക്ക് പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഭാര്യ മരിച്ചെന്ന് ഉറപ്പുവരുത്താനാണ് ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ദിക്ഷയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ദിക്ഷ ചെറുത്തുനിന്നിട്ടുണ്ടാവാമെന്നും അപ്പോള്‍ സംഭവിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. ഗൌരവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated Jan 21, 2024, 11:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]