
ചെന്നൈ/ദില്ലി : അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനം ദില്ലി എയിംസിൽ ഒപി അടക്കം അടച്ചിട്ട് ജീവനക്കാർക്ക് ഉച്ചവരെ അവധി നല്‍കാനുളള തീരുമാനം പിൻവലിച്ചു. എയിംസിലെ ഒപി വിഭാഗം തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. വ്യാപക വിമർശനമുയർന്നതോടെയാണ് ഒപി വിഭാഗത്തിനടക്കം അവധി നല്‍കാനുള്ള തീരുമാനം അവസാന നിമിഷം പിന്‍വലിച്ചത്. രോഗികള്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് എയിംസ് അധികൃതർ അറിയിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ കണക്കിലെടുത്താണ് 2.30 വരെ ഒപിക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിരുന്നത്.
ജിപ്മർ അടച്ചിടും
അതേ സമയം പുതുച്ചേരി ജിപ്മർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) അടച്ചിടുന്നതിനെതിരായ ഹർജി തളളി. രോഗികൾക്ക് ബുദ്ധിമുട്ട് വരാതെ നോക്കുമെന്ന അധികൃതരുടെ ഉറപ്പ് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ഒപി വിഭാഗം പ്രവർത്തിക്കണമെന്നും നിർദേശമില്ല. അർബുദ രോഗികൾക്കും ഡയാലിസിസ് വേണ്ടവർക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.
Last Updated Jan 21, 2024, 1:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]