
ബ്ലൂംഫൗണ്ടെയിൻ: അയല്‍ക്കാരായ ബംഗ്ലാദേശിനോട് കണക്കുവീട്ടി അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് ജയത്തുടക്കം. 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ ടീമിനെ 45.5 ഓവറില്‍ 167 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 84 റണ്‍സിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി. കഴിഞ്ഞ മാസം നടന്ന അണ്ടർ 19 ഏഷ്യാകപ്പ് സെമിയിൽ തോല്പിച്ചതിന് മധുര പ്രതികാരം ബംഗ്ലാദേശിനോട് വീട്ടാന്‍ ഇതോടെ ഇന്ത്യക്കായി. സ്കോര്‍: ഇന്ത്യ- 251/7 (50), ബംഗ്ലാദേശ്- 167 (45.5). നാല് വിക്കറ്റുമായി സൗമി കുമാര്‍ പാണ്ഡേയാണ് ഇന്ത്യയുടെ വിജയശില്പികളിലൊരാള്. അര്‍ധസെഞ്ചുറിയുമായി ആദര്‍ശ് സിംഗ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനായി മുഹമ്മദ് ഷിഹാബ് ജയിംസ് (77 പന്തില്‍ 54), അരീഫുള്‍ ഇസ്ലം (71 പന്തില്‍ 41) എന്നിവരെ മാത്രമെ തിളങ്ങാന്‍ ഇന്ത്യന്‍ ബൗളിംഗ് നിര അനുവദിച്ചുള്ളൂ. ഓപ്പണര്‍മാരായ അഷിഖൂര്‍ റഹ്മാന് ഷിബ്ലിയും ജിഷാന്‍ അലമും 14 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ചൗധരി എംഡി റിസ്വാന് പൂജ്യത്തിലും അഹ്റാര്‍ ആമിന് 5നും നായകന് മഹ്ഫുസൂര്‍ റഹ്മാന് റാബി 4ലും റൊഹാനത് ദൗല ബോര്‍സന്‍ ഗോള്‍ഡന്‍ ഡക്കായും വീണു. എംഡി ഇഖ്ബാല്‍ ഹൊസൈന്‍ പൂജ്യത്തിലും മറൂഫ് മൃഥ 1നും മടങ്ങിയതോടെ 45.5 ഓവറില്‍ ബംഗ്ലാദേശ് പതനം പൂര്‍ത്തിയായി.
ഇന്ത്യക്കായി സൗമി പാണ്ഡേ നാലും മുഷീര്‍ ഖാന് രണ്ടും അര്ഷിന് കുല്‍ക്കര്‍ണിയും രാജ് ലംബാനിയും പ്രിയാന്‍ഷു മോളിയയും ഓരോ വിക്കറ്റും നേടി. 9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സൗമിയുടെ നാല് വിക്കറ്റ് പ്രകടനം.
ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനം
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിന് 251 റണ്‍സാണെടുത്തത്. 8 ഓവറില്‍ 43 റണ്‍സിന് അഞ്ച് വിക്കറ്റ് പിഴുത് മറൂഫ് മൃഥ ഇന്ത്യന്‍ കൗമാരപ്പടയെ വിറപ്പിച്ചു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ ഇന്ത്യയെ ഓപ്പണര്‍ ആദര്‍ശ് സിംഗ്, ക്യാപ്റ്റന്‍ ഉദയ് സഹറാന്‍ എന്നിവരുടെ ബാറ്റിംഗാണ് രക്ഷിച്ചത്. അര്ഷിന് കുല്‍ക്കര്‍ണി 7നും മുഷീര്‍ ഖാന് 3നും പുറത്തായപ്പോള്‍ ആദര്‍ശ് 96 പന്തില്‍ 76 ഉം, ഉദയ് 94 ബോളില്‍ 64 ഉം റണ്‍സെടുത്തു. പ്രിയാന്‍ഷു മോളിയ (42 പന്തില്‍ 23), ആരവല്ലി അവനിഷ് (17 പന്തില്‍ 23), മുരുഗന് അഭിഷേക് (4 പന്തില്‍ 4), സച്ചിന് ദാസ് (20 പന്തില്‍ 26), രാജ് ലിംബാനി (5 പന്തില്‍ 2) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്കോറുകള്‍.
സൗമി കുമാര്‍ പാണ്ഡേ, നമാന്‍ തിവാരി എന്നിവര്‍ക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മറൂഫ് മൃഥയ്ക്ക് പുറമെ ചൗധരി എംഡി റിവ്വാനും മഹ്ഫുസൂര്‍ റഹ്മാന് റാബിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Last Updated Jan 20, 2024, 9:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]