തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് നൽകി.
ഗോവർധനനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം. തിങ്കളാഴ്ച അപേക്ഷ നൽകും.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ ഇവരെയും റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും.
തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ധന്റെ വാദം. ഗോവര്‍ധന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.
ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്റെ മൊഴി. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

