തിരുവനന്തപുരം: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ (Indian Space Research Organisation) തലയുയര്‍ത്തിപ്പിടിച്ച വര്‍ഷമായിരുന്നു 2024. നിരവധി ലോഞ്ച് ദൗത്യങ്ങളുമായി ഇസ്രൊ ഈ വര്‍ഷം തിളങ്ങി. 2024ലെ ഐഎസ്ആര്‍ഒയുടെ പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാം.
01 ജനുവരി 2024: എക്സ്പോസാറ്റ്
2024 ജനുവരി ഒന്നാം തിയതി തന്നെ ഐഎസ്ആര്‍ഒ ആദ്യ ലോഞ്ച് വിജയകരമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.10-ന് എക്സ്പോസാറ്റ് കൃത്രിമ ഉപഗ്രഹം കുതിച്ചുയര്‍ന്നു. എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനമാണ് ഈ സാറ്റ്ലൈറ്റ് ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യയുടെ ആദ്യ എക്സ്റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.
17 ഫെബ്രുവരി 2024: ഇൻസാറ്റ് 3ഡിഎസ്
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐഎസ്ആർഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ് ഇൻസാറ്റ് 3ഡിഎസ്. ഇസ്രൊയുടെ ജിഎസ്എൽവി എഫ്-14 ആയിരുന്നു വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഫെബ്രുവരി 17 വൈകിട്ട് 5.33-നാണ് വിക്ഷേപണം നടന്നത്. കാലാവസ്ഥ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇൻസാറ്റ് 3ഡിഎസ് ഉപഗ്രഹം.
22 മാര്‍ച്ച് 2024: ആര്‍എല്‍വി ലെക്സ്-02
മാര്‍ച്ച് 22-ന് രാവിലെ 7.10-ന് കര്‍ണാടകയിലെ ചന്ദ്രദുര്ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു ആര്‍എല്‍വി ലെക്സ്-02 പരീക്ഷണം. വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ റോക്കറ്റാണിത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോഴുള്ള ലാന്‍ഡിംഗ് പരീക്ഷിക്കുന്ന ഈ ദൗത്യം രണ്ടാമതും വിജയമായത് ഇസ്രൊയ്ക്ക് അഭിമാന നിമിഷമായി. ലാന്‍ഡിംഗിനിടെ വേഗം കുറച്ച് റണ്‍വേയിലായിരുന്നു ആര്‍എല്‍വിയുടെ ലാന്‍ഡിംഗ്.
23 ജൂണ്‍ 2024: ആര്‍എല്‍വി ലെക്സ്-03
ഇതേ ലാന്‍ഡിംഗ് സാങ്കേതികവിദ്യയുടെ മൂന്നാം പരീക്ഷണം 2024 ജൂണ്‍ 23-ന് നടന്നു. ചിത്രദുര്‍ഗയില്‍ അന്നേദിനം രാവിലെ 7.10-ന് പരീക്ഷണം ആരംഭിച്ചു. ആര്‍എല്‍വിയുടെ ഓട്ടോണമിസ് ലാന്‍ഡിംഗ് പ്രയാസകരമായ 500 മീറ്റര്‍ ഉയരത്തില്‍ വച്ച് നടത്തി അന്ന് ഐഎസ്ആര്‍ഒ ചരിത്രമെഴുതി.
22 ജൂലൈ 2024: എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ
അന്തരീക്ഷ ഓക്സിജന്‍ വലിച്ചെടുത്ത് ഇന്ധനം കത്തിച്ച് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സംവിധാനത്തിന്റെ രണ്ടാം പരീക്ഷണം ജൂലൈ 22-ന് ഐഎസ്ആര്‍ഒ വിജയിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലായിരുന്നു പരീക്ഷണം. RH-560 സൗണ്ടിംഗ് റോക്കറ്റിനൊപ്പമായിരുന്നു എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം ഘടിപ്പിച്ചിരുന്നത്. എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് പരീക്ഷണ നടത്തുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തി ഇതോടെ ഇന്ത്യ.
16 ഓഗസ്റ്റ് 2024: ഇഒഎസ്-08 സാറ്റ്ലൈറ്റ്
ഐഎസ്ആര്‍ഒ എസ്എസ്എല്‍വി-ഡി3 വിക്ഷേപണ വാഹനം ഉപയോഗിച്ച് ഇഒഎസ്-08 (EOS-08) സാറ്റ്ലൈറ്റ് ഓഗസ്റ്റ്-16ന് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു. ഭൗമനിരീക്ഷണം ലക്ഷ്യമിട്ടാണ് ഇഒഎസ്-08 സാറ്റ്ലൈറ്റ് ഐഎസ്ആര്‍ഒ വികസിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും പഠിക്കാൻ ഇഒഎസ്-08ൽ നിന്നുള്ള വിവരങ്ങൾ സഹായകമാകും. പകലും രാത്രിയും ഉപഗ്രഹ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഇതിലുണ്ട്.
Read more: ആകാശത്ത് ആടിയുലഞ്ഞ് റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്; വീണ്ടും പരാജയപ്പെട്ട് സ്പേസ് വണ്‍ കെയ്റോസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]