.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: യു.എസിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ ഗാവിൻ ന്യൂസം. സംസ്ഥാനത്ത് കന്നുകാലികളിൽ എച്ച് 5 എൻ 1 പക്ഷിപ്പനി പടരുന്നതിനെ തുടർന്നാണ് നടപടി. യു.എസിന്റെ മറ്റ് ഭാഗങ്ങളിലും പക്ഷിപ്പനി കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
കാട്ടുപക്ഷികളിൽ നിന്ന് രോഗം പശുക്കളിലേക്ക് പടരുകയായിരുന്നു എന്നാണ് കരുതുന്നത്. കാലിഫോർണിയയിലെ 600 ഓളം കന്നുകാലി ഫാമുകൾ ക്വാറന്റൈനിലാണ്. ഇതിനിടെ ലൂസിയാനയിൽ പക്ഷിപ്പനി പിടിപെട്ട ഒരാളുടെ നില ഗുരുതരമാണ്.ഇക്കൊല്ലം മാർച്ച് മുതൽ യു.എസിൽ എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. ടെക്സസിലും കാൻസാസിലുമായി കന്നുകാലികളിൽ ആദ്യ കേസുകൾ കണ്ടെത്തി. പിന്നാലെ ന്യൂമെക്സിക്കോ, മിഷിഗൺ, ഐഡഹോ എന്നിവിടങ്ങളിലെ കന്നുകാലി ഫാമുകളിലും രോഗം പടർന്നു. അന്ന് മുതൽ ഏഴ് സംസ്ഥാനങ്ങളിലായി 61 മനുഷ്യരിലും രോഗം കണ്ടെത്തി. 34 പേർ കാലിഫോർണിയയിലാണ്. മിക്കവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഇതേ വരെ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) കണക്ക് പ്രകാരം 2003 മുതൽ 19 രാജ്യങ്ങളിലായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 860ലേറെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചു.