
വർഷങ്ങളോളം കുലദേവതയായി കണ്ട് മധ്യപ്രദേശിലെ കർഷക കുടുംബം ആരാധിച്ചുപോന്നത് ദിനസോറിന്റെ മുട്ടയെ. മധ്യപ്രദേശിലെ ധറിലാണ് കല്ലുപോലെയുള്ള വസ്തു കണ്ടെത്തിയത്. വിദഗ്ദ്ധരാണ് പിന്നീട് ഇത് ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകളാണെന്ന് തിരിച്ചറിഞ്ഞത് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പദ്ല്യ എന്ന ഗ്രാമത്തിലെ വെസ്ത മണ്ഡലോയ് എന്ന 40 -കാരനായ കർഷകനും അദ്ദേഹത്തിന്റെ കുടുംബവും വർഷങ്ങളായി ഈ കല്ല് പോലെ തോന്നിക്കുന്ന വസ്തുക്കളെ ആരാധിക്കുന്നുണ്ട്. “കാല ഭൈരവ” എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇവർ ഈ ദിനോസർ മുട്ടകളെ ആരാധിച്ചിരുന്നത്. തങ്ങളുടെ കൃഷിയിടത്തെയും കന്നുകാലികളെയുമൊക്കെ നാശത്തിൽ നിന്നും കാലക്കേടുകളിൽ നിന്നും ഈ കുലദേവത രക്ഷിക്കുമെന്നും പൂർവികരുടെ കാലം തൊട്ടേ അവർ വിശ്വസിച്ചിരുന്നു.
എന്നാൽ, ഇവിടെ മാത്രമല്ല. അടുത്തുള്ള ജില്ലകളിലും ഇത്തരത്തിലുള്ള ദിനോസറിന്റെ മുട്ടകളെ പലരും ഇങ്ങനെ തെറ്റിദ്ധരിച്ച് ആരാധിച്ചിരുന്നു. അടുത്തിടെ ലഖ്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ വിദഗ്ധർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. അപ്പോഴാണ്, ഈ കുടുംബങ്ങൾ ആരാധിക്കുന്ന വസ്തുക്കൾ യഥാർത്ഥത്തിൽ ടൈറ്റനോസോറസ് ഇനത്തിൽ പെടുന്ന ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകളാണ് എന്ന് തിരിച്ചറിഞ്ഞത്.
ഈ വർഷം ജനുവരിയിൽ മധ്യപ്രദേശിലെ നർമദാ താഴ്വരയിൽ നിന്നും പാലിയന്റോളജിസ്റ്റുകൾ സസ്യഭുക്കായ ടൈറ്റനോസറുകളുടെ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു. ഒപ്പം തന്നെ, ഡൽഹി സർവ്വകലാശാല, മോഹൻപൂർ-കൊൽക്കത്ത, ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ ഗവേഷകർ ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ നിന്നും മൾട്ടി-ഷെൽ മുട്ടകളും കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. PLoS One റിസർച്ച് ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Last Updated Dec 19, 2023, 9:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]