പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 കടന്നതോടെ ആശ്വാസത്തിലാണ് മുന്നണികൾ. കഴിഞ്ഞ തവണത്തെക്കാള്‍ പോളിംഗ് കുത്തനെ കുറഞ്ഞത്തോടെ ആശങ്കയിലാണ് സ്ഥാനാര്‍ത്ഥികള്‍. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തില്‍ ഏറെയാണ് പോളിംഗിലെ കുറവ്. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിലുണ്ടായ പോളിംഗ് വര്‍ദ്ധനവും പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതും മുന്നണികളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിൽ പാലക്കാട് വിധിയെഴുതി. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് മെച്ചപ്പെട്ടത് അവസാന മണിക്കൂറുകളിളാണ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ പരിധിയില്‍ 65 ശതമാനം പോളിംഗാണ് ഉണ്ടായിരുന്നത്. അന്ന് ബിജെപി തന്നെയായിരുന്നു പാലക്കാട് നഗരസഭ പരിധിയില്‍ വോട്ട് മേൽക്കോയ്മ പുലര്‍ത്തിയിരുന്നത്. ഇത്തവണ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധന ഉണ്ടായത് വലിയ വിജയ പ്രതീക്ഷാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനം പോളിംഗ് ഉണ്ടായിരുന്നത്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇത് വലിയ ചങ്കിടുപ്പാണ് യുഡിഎഫ് ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്.
വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ. പിരായിരിയിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2,500 നും 4,000 ഇടയില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. നേരത്തെ അഞ്ചത്ത ഭൂരിപക്ഷ അവകാശപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ 4000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് എത്താനാകുമെന്ന് എല്‍ഡിഎഫും കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]