
തിരുവനന്തപുരം: ആദ്യം റെഡ്മിയെ അടിയറവ് പറയിച്ച അശ്വഘോഷ് സൈന്ധവ് എന്ന 20 കാരൻ ഇക്കുറി ഓൺലൈൻ തട്ടിപ്പുകാരെ കുരങ്ങുകളിപ്പിച്ചത് മണിക്കൂറുകൾ. ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുടെ പേരിൽ വന്ന ഒരു സൈബർ തട്ടിപ്പ് കോൾ തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് എന്ന വിദ്യാർഥി പൊളിച്ചടുക്കി. മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ അശ്വഘോഷ് ഒന്നര മണിക്കൂറിലേറെയാണ് കുരങ്ങുകളിപ്പിച്ചത്.
ആസൂത്രിതമായി തട്ടിപ്പുകാർ നടത്തിയ ഓൺലൈൻ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ അശ്വഘോഷിനെ അഭിനന്ദിച്ച് പൊലീസ് രംഗത്തെത്തി. നേരത്തെ സോഫ്റ്റ്വെയർ അപ്ഡേഷൻ ചെയ്തതിന് പിറകെ റെഡ്മി മൊബൈൽ ഫോൺ റേഞ്ച് കിട്ടാത്തതിനെ തുടർന്ന് കേസ് നടത്തി ഉപഭോക്തൃ കോടതി വഴി ഷവോമി കമ്പനിയിൽ നിന്ന് 36,000 രൂപ വാങ്ങിയെടുത്ത് മാധ്യമ ശ്രദ്ധ നേടിയിരുന്നു അശ്വഘോഷ്.
തിരുവനന്തപുരം പേരൂര്‍ക്കട എന്‍സിസി നഗര ജേര്‍ണലിസ്റ്റ് കോളനി നിവാസിയും തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ അവസാന വർഷം ബി സി എ വിദ്യാർത്ഥിയുമായ അശ്വഘോഷ് സൈന്ധവ് എന്ന 20 കാരൻ ആണ് സോഫ്റ്റ്വെയർ അപ്ഡേഷനെ തുടർന്ന് കേടായ മൊബൈലിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്തൃ കോടതി മുഖേന നേടി എടുത്തത്. 2023 തുടക്കത്തിൽ ആണ് അശ്വഘോഷിന്റെ ഒന്നര വർഷം പഴക്കമുള്ള റെഡ്മി നോട്ട് 10 മൊബൈൽ ഫോൺ സോഫ്റ്റ് വെയർ അപ്ഡേഷനെ തുടർന്ന് കേടാകുന്നത്.
ഫോണിൽ വന്ന കമ്പനിയുടെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തതിനു പിന്നാലെയാണ് ഫോൺ കേടാകുന്നത്. അപ്ഡേറ്റ് ചെയ്തതിന് തൊട്ടു പിന്നാലെ ഫോണിൽ റേഞ്ച് കാണിക്കാതെയായി. ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോൾ അൽപനേരം പ്രവർത്തിച്ച ശേഷം വീണ്ടും റേഞ്ച് ലഭിക്കാതെ ആകുമായിരുന്നു എന്നു അശ്വഘോഷ് പറയുന്നു. ഇതോടെ സർവ്വീസ് സെന്ററിൽ ഫോണുമായി എത്തി. എന്നാൽ ബോര്‍ഡിന്റെ തകരാറാണെന്നും വാറന്റി കഴിഞ്ഞതിനാൽ സൗജന്യമായി ശരിയാക്കി നൽകാൻ കഴിയില്ല എന്നുമായിരുന്നു സർവീസ് സെന്റര്‍ ജീവനക്കാരുടെ നിലപാട്.
തുടർന്ന് മൊബൈൽ കമ്പനി അധികൃതർക്ക് മെയിൽ അയച്ചെങ്കിലും സർവീസ് സെന്ററിൽ നിന്ന് ലഭിച്ച അതേ മറുപടി തന്നെയാണ് ലഭിച്ചത്. കമ്പനിയെ വിശ്വസിച്ച് അവർ നൽകിയ അപ്ഡേറ്റ് ചെയ്ത പുറകെ മൊബൈൽ ഫോൺ കേടായതിന് തങ്ങൾ പണം നൽകണം എന്ന് നിലപാട് ശരിയല്ല എന്ന് തോന്നിയതിനാൽ ആണ് കോടതി സമീപിച്ചത് എന്ന് അശ്വഘോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]