പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വോട്ടെടുപ്പ് തുടരുന്നു. പോളിംഗ് മന്ദഗതിയിലാണെന്നാണ് വിവരം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനത്തിലേറെ കുറവുണ്ട്. രണ്ട് മണിവരെ 47.22 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
രാവിലെ പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. എന്നാൽ പിന്നീട് മന്ദഗതിയിലേക്ക് മാറി. എന്നിരുന്നാലും സ്ഥാനാർത്ഥികളെല്ലാം ശുഭപ്രതീക്ഷയിലാണ്. എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ അയ്യപ്പുരം ഗവ. എൽ.പി. സ്കൂളിൽ എത്തി വോട്ട് ചെയ്തു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്കൂളിലെ എൺപത്തിയെട്ടാം നമ്പർ ബൂത്തിലെ വിവിപാറ്റിലുണ്ടായ തകരാർ വോട്ടെടുപ്പ് വൈകിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന് ഇവിടെയായിരുന്നു വോട്ട്. അരമണിക്കൂറോളം കാത്തിരുന്ന് മടങ്ങി. ഉച്ചയ്ക്ക് ശേഷം വോട്ട് ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമാണെന്ന് സരിൻ പ്രതികരിച്ചു.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 1,94,706 വോട്ടർമാരാണ് പാലക്കാടുള്ളത്. ഇതിൽ 1,00,290 പേരും സ്ത്രീകളാണ്. 184 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം 13ന് നടത്താനിരുന്ന വോട്ടെടുപ്പ് കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണൽ 23ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]