
.news-body p a {width: auto;float: none;} മുംബയ്: ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യവും ശിവസേന (ഉദ്ദവ് താക്കറെ പക്ഷം), കോൺഗ്രസ്, എൻസിപി (ശരദ് പവാർ പക്ഷം) എന്നിവർ അടങ്ങിയ മഹാവികാസ് അഖാഡിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടക്കുന്നത്. ആദ്യ മണിക്കൂറുകളിൽ മുൻ തിരഞ്ഞെടുപ്പുകളെക്കാൾ കുറഞ്ഞപോളിംഗ് ആണ് കാണാനായത്.
രാവിലെ 9 മണിവരെയുള്ള വിവരമനുസരിച്ച് സംസ്ഥാനത്ത് 6.61 ശതമാനം മാത്രമാണ് പോളിംഗ് നടന്നത്. ഒരു ലക്ഷത്തോളം പോളിംഗ് സ്റ്റേഷനുകളിലായി 9.7 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കുടുംബവും നാഗ്പൂരിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. ആർഎസ്എസ് തലവൻ മോഹൻ ഭഗവതും നാഗ്പൂരിൽ തന്റെ വോട്ട് രേഖപ്പെടുത്തി.
ഉപമുഖ്യമന്ത്രി അജിത് പവാറും കുടുംബവും ബാരാമതി നിയമസഭാ മണ്ഡലത്തിൽ വോട്ട് ചെയ്തു. ബാരാമതിയിൽ തന്റെ വിജയം ജനങ്ങൾ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
എൻസിപി നേതാവ് ശരദ്പവാറും സുപ്രിയ സുലെയും ബാരാമതിയിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയുടെ അഭിമാനം രക്ഷിക്കാൻ ജനങ്ങൾ കൂട്ടമായെത്തി വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കറും കുടുംബവും മുംബയിലാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 23ന് വോട്ടെണ്ണൽ നടക്കും. ഇപ്പോഴുള്ള സർക്കാരിന്റെ കാലാവധി 26ന് പൂർത്തിയാകുന്നതിനാൽ അതിനുമുൻപ് പുതിയ സർക്കാർ അധികാരത്തിൽ എത്തേണ്ടതുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]