ടെഹ്റാൻ: ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ ഷിയ രാജ്യത്തെ നയിക്കാൻ തെരഞ്ഞടുക്കപ്പെട്ടു എന്നതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പിതാവിന്റെ മരണത്തിന് മുമ്പ് തന്നെ മൊജ്തബ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് നിലവിലെ സാഹചര്യം ഇറാന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് വിലയിരുത്തൽ. പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ രഹസ്യമായി തെരഞ്ഞെടുത്തതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ വിമതരുമായി ബന്ധമുള്ള പേർഷ്യൻ ഭാഷാ മാധ്യമമാണ് ഇറാൻ ഇന്റര്‍നാഷണൽ. അലി ഖമേനിയുടെ പിൻഗാമിയായി പരമോന്നത നേതാവാകാൻ ഇറാനിൽ നടന്ന രഹസ്യ ചര്‍ച്ചകളെ കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ആഴ്ചകൾക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രോഗബാധിതനായ ഖമേനി വെന്റിലേറ്ററിലാണെന്നും കോമയിലാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 85കാരനായ ഖമേനിയ്ക്ക് വിഷബാധയേറ്റെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പര്‍ട്ടുകളുണ്ടായിരുന്നു. ഖമേനിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
സംഭവത്തിന് പിന്നിൽ മൊസാദിന്റെ രഹസ്യ ഓപ്പറേഷനാണെന്നും പ്രചാരണമുണ്ട്. എന്നാൽ, ഖമേനി രോഗബാധിതനാണെന്നോ വിഷം കഴിച്ചെന്നോ ഉള്ള അവകാശവാദങ്ങൾക്ക് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമല്ല. ഒക്ടോബർ 27-ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിൻ്റെ മകൻ പുതുതായി ചുമതലയേൽക്കുമെന്നും അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അസുഖത്തെ തുടർന്ന് ഖമേനി കോമയിലാണെന്ന തരത്തിൽ കൂടുതൽ അവകാശവാദങ്ങൾ ഉയർന്നുവന്നത്.
ഒക്ടോബർ ഒന്നിന് ഇസ്രായേലിനെതിരെ ഇറാൻ വലിയ രീതിയിലുള്ള മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് ഇസ്രായേൽ നൽകിയ തിരിച്ചടിയ്ക്ക് ശേഷമാണ് ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഇറാന്റെ നിരവധി നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടിരുന്നു.
മൂന്നാം ലോക മഹായുദ്ധവും ആണവായുദ്ധ ഭീഷണിയും; ജനങ്ങൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]