ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 240 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ടായി. 66 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. (india world cup final)
ഫൈനൽ സമ്മർദ്ദങ്ങളൊന്നുമില്ലാതെ ഈ മത്സരത്തിലും ആക്രമിച്ചാണ് രോഹിത് ശർമ തുടങ്ങിയത്. എന്നാൽ, സ്കോർ ബോർഡിൽ 30 റൺസ് ആയപ്പൊഴേക്കും ഓസ്ട്രേലിയയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് ആദം സാമ്പയുടെ കൈകളിലെത്തിച്ചു. ഗിൽ പുറത്തായെങ്കിലും ആക്രമണം തുടർന്ന രോഹിതിനൊപ്പം കോലിയും തുടർ ബൗണ്ടറികൾ നേടിയതോടെ ഇന്ത്യ അനായാസം മുന്നോട്ടുപോയി. രണ്ടാം വിക്കറ്റിൽ 46 റൺസ് നീണ്ട കൂട്ടുകെട്ട് ഒടുവിൽ ഗ്ലെൻ മാക്സ്വൽ ആണ് തകർത്തത്. മാക്സ്വെലിനെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ട്രാവിസ് ഹെഡ് ഒരു അവിശ്വസനീയ ക്യാച്ചിലൂടെ മടക്കി. 31 പന്തുകൾ നേരിട്ട രോഹിത് 4 ബൗണ്ടറിയും 3 സിക്സറും സഹിതം 47 റൺസെടുത്താണ് പുറത്തായത്. രോഹിതിനു പിന്നാലെ ശ്രേയാസ് അയ്യരെ (4) കമ്മിൻസ് മടക്കി അയച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
Read Also: ഫിഫ്റ്റിക്ക് പിന്നാലെ കോലി മടങ്ങി; ഇന്ത്യയ്ക്ക് വൻ തിരിച്ചടി
നാലാം വിക്കറ്റിൽ വിരാട് കോലിയും കെഎൽ രാഹുലും ചേർന്ന് ഇന്ത്യയെ സാവധാനം മുന്നോട്ടുനയിച്ചു. 15 ഓവറോളം ബൗണ്ടറികൾ പിറക്കാതിരുന്ന ഈ കൂട്ടുകെട്ട് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയെടുത്തു. ഇതിനിടെ കോലി ഈ ലോകകപ്പിലെ തൻ്റെ ആറാം ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കോലിയെ പുറത്താക്കിയ കമ്മിൻസ് ഇന്ത്യക്ക് വീണ്ടും പ്രഹരമേല്പിച്ചു. 54 റൺസ് നേടിയ കോലി രാഹുലുമൊത്ത് നാലാം വിക്കറ്റിൽ 67 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. സാമ്പയെ കൗണ്ടർ ചെയ്യാൻ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയ ജഡേജ (9) ഹേസൽവുഡിൻ്റെ പന്തിൽ ജോഷ് ഇംഗ്ലിസിൻ്റെ കൈകളിൽ അവസാനിച്ചു.
വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുമ്പോഴും ഉറച്ചുനിന്ന രാഹുൽ ഇതിനിടെ തൻ്റെ ഫിഫ്റ്റി തികച്ചു. സൂര്യകുമാറിനൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാഹുലും മടങ്ങി. രാഹുലിനെ മിച്ചൽ സ്റ്റാർക്ക് ജോഷ് ഇംഗ്ലിസിൻ്റെ കൈകളിൽ അവസാനിപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷമിയെയും (6) സ്റ്റാർക്കിൻ്റെ പന്തിൽ ഇംഗ്ലിസ് കൈപ്പിടിയിലൊതുക്കി. ജസ്പ്രീത് ബുംറയെ (1) ആദം സാമ്പ വിക്കറ്റിനു മുന്നിൽ കുരുക്കി. അവസാന ഓവറുകളിൽ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാർ യാദവിനെ (18) ജോഷ് ഹേസൽവുഡ് ജോഷ് ഇംഗ്ലിസിൻ്റെ കൈകളിലെത്തിച്ചു. ഇന്നിംഗ്സിലെ അവസാന പന്തിൽ രണ്ടാം റണ്ണിനോടിയ കുൽദീപ് യാദവ് (10) റണ്ണൗട്ടായി. മുഹമ്മദ് സിറാജ് (9) നോട്ടൗട്ടാണ്.
Story Highlights: india innings world cup final australia
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]