First Published Nov 19, 2023, 9:12 PM IST
മസ്കറ്റ്: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ എല്ലാവർഷവും ഉണ്ടാവുന്ന ഖരീഫ് എന്ന മൺസൂൺ കാലാവസ്ഥയിൽ ധാരാളം സന്ദർശകരാണ് സലാലയിൽ എത്താറുള്ളത്. 2022ലെ ഖരീഫ് കാലഘട്ടത്തിൽ എത്തിയിരുന്ന 813,000 സന്ദർശകരെ അപേക്ഷിച്ച് ഈ വർഷത്തെ ഖരീഫ് 2023 സീസണിൽ 18.4 ശതമാനം വർദ്ധനവാണ് രേഖപെടുത്തിയിട്ടുള്ളത്. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ചു ഈ വർഷം 962,000 സന്ദർശകരാണ് എത്തിയിട്ടുള്ളത്.
സലാലയിൽ എത്തിയ സന്ദർശകർ ചെലവാക്കിയ തുകയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ൽ 86 ദശലക്ഷം ഒമാനി റിയൽ സന്ദർശകർ ചെലവ് ചെയ്തപ്പോൾ ഈ വർഷം 103 ദശലക്ഷം ഒമാനി റിയാൽ ആയി ഉയർന്നിട്ടുണ്ടെന്നും ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്.
2022 കാലയളവിൽ 6 ദശലക്ഷം രാത്രികളാണ് ദോഫാർ ഗവര്‍ണറേറ്റില്‍ താമസിച്ചിട്ടുള്ളത്. എന്നാൽ 2023 ഇത് സന്ദർശകർ ഗവര്‍ണറേറ്റിൽ തങ്ങിയ രാത്രികളുടെ എണ്ണം 7 ദശലക്ഷമായി വർദ്ധിച്ചു.
ദോഫാർ ഗവര്‍ണറേറ്റിൽ എത്തിയ സന്ദർശകരിൽ 69.2 ശതമാനം ഒമാൻ സ്വദേശികളായിരുന്നു. കണക്കുകൾ പ്രകാരം 666,307 സ്വദേശികളാണ് 2023 ലെ ഖരീഫ് കാലാവസ്ഥയിൽ ദോഫാർ ഗവര്ണറേറ്റു മേഖലയിൽ സന്ദർശകരായി എത്തിയിട്ടുള്ളത്.
അതേസമയം, മറ്റു ഗൾഫ് നാടുകളിൽ നിന്നും എത്തിയത് 190,853 സന്ദർശകരാണ്, അതായത് എത്തിയ സന്ദർശകരിൽ 19.8 ശതമാനം എന്നതാണെന്നാണ് സൂചിപ്പിക്കുന്നത്. 68,100 സന്ദർശകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, മറ്റു അറബ് രാജ്യങ്ങളിൽ നിന്ന് 31,214 സന്ദർശകരും, യൂറോപ്പിൽ നിന്ന് 3,740 സന്ദർശകരും; മറ്റ് രാജ്യങ്ങളിൽ നിന്നും 1,982 സന്ദർശകരുമാണ് 2023 ഖരീഫ് കാലഘട്ടത്തിൽ ദോഫാർ ഗവര്‍ണറേറ്റിൽ എത്തിയിട്ടുള്ളത്.
2023 സീസണിൽ ദോഫാർ ഖരീഫിൽ താമസത്തിനുള്ള ചെലവ് 19.4 ശതമാനം 2022 നേക്കാൾ വർദ്ധിച്ചു അതായതു ഒമാനി റിയാൽ 33,068,567 ചെലവ് ചെയ്യപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.അതായത് മൊത്തം ചെലവിന്റെ 32.2 ശതമാനം.
ഭക്ഷണപാനീയങ്ങൾക്കായിമൊത്തം ചെലവിന്റെ 24.9 ശതമാനം ചെലവ് ആയിട്ടുണ്ട്, ഒമാനി റിയാൽ 25,598,657 ചിലവഴിക്കപ്പെട്ടു. യാത്രാ ടിക്കറ്റുകൾക്കുള്ള മൊത്തം ചെലവ് 18.8 ശതമാനമാണ്, ഒമാനി റിയാൽ 19,268,818 ഉം, മറ്റ് ഇനങ്ങൾക്കായി ചിലവഴിച്ചത് ഒമാനി റിയാൽ 24,693,979 ആണെന്നും കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ , ജൂലൈ , ഓഗസ്റ്റ് , സെപ്തംബര്‍ എന്നീ മാസങ്ങളിലാണ് ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ മൺസൂൺ കാലാവസ്ഥ അല്ലെങ്കിൽ ഖരീഫ് കാലാവസ്ഥ നിലനിൽക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Nov 19, 2023, 9:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]