അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന് ഫൈനലിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് യുവതാരം ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വണ്‍ഡൗണായി എത്തിയ വിരാട് കോലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ ഗില്ലിന്റെ വിക്കറ്റ് വീണത് മറന്നു.
ജോഷ് ഹേസല്‍വുഡിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും രോഹിത് കടന്നാക്രമിച്ചപ്പോള്‍ അഹമ്മദാബാദിലെ നീലക്കടലില്‍ ഓസ്ട്രേലിയ മുങ്ങിപ്പോകുമെന്ന് തോന്നിച്ചു. ആറാം ഓവറില്‍ ഇന്ത്യ 50 കടന്നപ്പോള്‍ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ കടത്തി പതുക്കെ തുടങ്ങിയ കോലിയും ഫോമിലായതോടെ ഇന്ത്യ വലിയ സ്കോറിനുള്ള അടിത്തറയിട്ടു കഴിഞ്ഞുവെന്ന് ആരാധകര്‍ കരുതി.
എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പന്തേല്‍പ്പിക്കാനുള്ള ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സിന്റെ തീരുമാനം പിഴച്ചില്ല. മാക്സ്വെല്ലിന്റെ രണ്ടാം പന്ത് തന്നെ സിക്സിന് പറത്തിയ രോഹിത്തിന് പക്ഷെ പവര്‍ പ്ലേയിലെ അവസാന ഓവര്‍ മുതലാക്കാനുള്ള ശ്രമത്തില്‍ പിഴച്ചു. മൂന്നാം പന്തില്‍ ബൗണ്ടറി നേടിയ രോഹിത് നാലാം പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി വീണ്ടും സിക്സിന് ശ്രമിച്ചു. എന്നാല്‍ രോഹിത് പ്രതീക്ഷിച്ചതിനെക്കാള്‍ പതുക്കെയെത്തിയ പന്ത് ടോപ് എഡ്ജ് ചെയ്ത് ആകാശത്തേക്ക് ഉര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്ത് പിടിക്കാനായി കവറില്‍ നിന്ന് ഓടിയ ട്രാവിസ് ഹെഡ് ഇന്ത്യയുടെ ഏറ്റവും നിര്‍ണായക വിക്കറ്റ് പിന്നിലേക്ക് ഓടി പറന്ന് കൈയിലൊതുക്കിയപ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായി. 31 പന്തില്‍ 47 റണ്‍സെടുത്ത രോഹിത് പതിവുപോലെ വീണ്ടുമൊരു മിന്നല്‍ തുടക്കത്തിനുശേഷം മടങ്ങി. രോഹിത് പുറത്തായതിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യര്‍ ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും പാറ്റ് കമിന്‍സിന്റെ തൊട്ടടുത്ത ഓവറില്‍ മടങ്ങിയതോടെ ഇന്ത്യ 81-3ലേക്ക് വീഴുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക