ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മൻ ഗിൽ, രോഹിത് ശർമ, ശ്രേയാസ് അയ്യർ, വിരാട് കോലി എന്നിവരെയാണ് നഷ്ടമായത്. കോലി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
29ആം ഓവറിലെ മൂന്നാം പന്തിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് കോലിയെ വീഴ്ത്തിയത്. ഷോർട്ട് ബോൾ തട്ടിയിടാൻ ശ്രമിച്ച കോലി പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. 63 പന്തുകൾ നേരിട്ട് 54 റൺസ് നേടിയ കോലി നാലാം വിക്കറ്റിൽ കെഎൽ രാഹുലുമൊത്ത് 67 റൺസിൻ്റെ കൂട്ടുകെട്ടുയർത്തുകയും ചെയ്തു.
ശുഭ്മൻ ഗിൽ വേഗം പുറത്തായെങ്കിലും ആക്രമിച്ചുകളിച്ച രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കം നൽകി. എന്നാൽ, ഗ്ലെൻ മാക്സ്വലിനെ തുടരെ മൂന്നാം തവണ ബൗണ്ടറി കടത്താനുള്ള രോഹിതിൻ്റെ ശ്രമം ഒരു അവിശ്വസനീയ ക്യാച്ചിലൂടെ ട്രവിസ് ഹെഡ് അവസാനിപ്പിച്ചതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. തൊട്ടടുത്ത ഓവറിൽ ശ്രേയാസ് അയ്യർ (4) പാറ്റ് കമ്മിൻസിനു മുന്നിൽ വീണു. പിന്നീട് നാലാം വിക്കറ്റിൽ വളരെ ശ്രദ്ധയോടെ ബാറ്റ് ചെയ്ത കോലി- രാഹുൽ സഖ്യം ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി. ഇതിനിടയിലാണ് കമ്മിൻസിൻ്റെ പ്രഹരം.
ആറാം നമ്പരിൽ സൂര്യകുമാർ യാദവിനു പകരം രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്.
30 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 152 റൺസാണ് നിലവിൽ ഇന്ത്യ നേടിയിരിക്കുന്നത്.
Story Highlights: virat kohli wicket india australia cricket world cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]