
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – ഭാവനയുടെ മായാജാലം തുറന്ന് സന്ദർശകരുടെ മനം കവരുന്ന നാലാമത് റിയാദ് സീസണിന്റെ വിനോദ കേന്ദ്രങ്ങളിലൊന്നായ വണ്ടർ ഗാർഡൻ പ്രദേശത്തേക്ക് വൻ ജനപ്രവാഹം. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമായാണ് കുട്ടികളെയും മുതിർന്നവരെയും റിയാദ് തുർക്കി അൽഅവ്വൽ റോഡിലെ പുതിയ വിനോദകേന്ദ്രമായ വണ്ടർ ഗാർഡൻ സ്വീകരിച്ചത്.
മുൻ വർഷങ്ങളിലെ വണ്ടർ വേൾഡിന് പകരമാണ് ഈ വർഷം വണ്ടർ ഗാർഡൻ തുറന്നത്. വണ്ടർ ഗാർഡനിലെ ടൂർ ആരംഭിക്കുന്നത് ഫ്ലമിംഗോ തടാകത്തിൽ നിന്നാണ്. സൗന്ദര്യവും ഐക്യവും പ്രകടിപ്പിക്കുന്നതിനായി ഒരു കൂട്ടം അരയന്നങ്ങളാൽ അലങ്കരിച്ച അതിശയകരമായ തടാകം. സന്ദർശകരെ വശീകരിക്കുന്ന സംഗീത മെലഡികളോടൊപ്പമാണ് ഈ അത്ഭുതകരമായ കാഴ്ച. ഒമ്പത് വ്യത്യസ്ത ഗെയിമുകളും നാടകങ്ങളും തത്സമയ ഷോകളും അടങ്ങുന്ന പ്രധാന കേന്ദ്രമായ ബ്ലൂം ഏരിയയടക്കം മൂന്നു കേന്ദ്രങ്ങളാണ് വണ്ടർ ഗാർഡിനുള്ളത്. പൂക്കളുടെ സുഗന്ധത്തിൽ മുഴുകി പൂക്കളും നിറങ്ങളും കൊണ്ട് പ്രചോദിപ്പിക്കുന്ന കലാപരമായ ശിൽപങ്ങൾ ഉപയോഗിച്ച് പ്രകൃതിയുടെ ആകർഷകമായ ലോകമാണ് ബ്ലൂമിലുള്ളത്. വ്യത്യസ്ത ഇനങ്ങളിൽപെട്ട ആയിരത്തിലധികം ചിത്രശലങ്ങൾ ഉൾപ്പെടുന്ന ബട്ടർഫ്ളൈ ഗാർഡൻ ഹൃദയഹാരിയാണ്. ചിത്രശലഭക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ, പ്രിന്റ് ഫോട്ടോകളെടുക്കാനും അവയെ അടുത്തറിയാനും അവസരമുണ്ട്. അതോടൊപ്പം 14 വ്യത്യസ്ത ഗെയിമുകളും ആവേശകരമയമായ ആർട്ട് വർക്ക് ഷോപ്പുകളും ഇവിടുത്തെ പ്രത്യേകതയാണ്.
വ്യത്യസ്ത ഇനം മരങ്ങളുടെ സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ട്രീ അഡ്വഞ്ചർ ഏരിയ സംവിധാനിച്ചിരിക്കുന്നത്. അവിടെ 17 ഗെയിമുകളുടെ ഭാഗമായ വെർച്വൽ റിയാലിറ്റി ഗെയിമുകളിൽ നിന്നാണ് യഥാർഥ വിനോദം ആരംഭിക്കുന്നത്. അതോടൊപ്പം പ്രേത തോട്ടത്തിലൂടെയുള്ള സഞ്ചാരത്തിന്റെ ഭയാനകമായ അനുഭവവും സന്ദർശകർക്ക് സമ്മാനിക്കുന്നു.
ഗെയിമുകൾ, സംഗീതം, അന്തർദേശീയ പാചകരീതികൾ എന്നിവയുൾപ്പെടെ ആവേശം നിറഞ്ഞ അനുഭവങ്ങളാണ് ഈ വിനോദ മേഖല സന്ദർശകർക്ക് പ്രദാനം ചെയ്യുന്നത്. നാലു മണിക്കാണ് പ്രവേശനം. വാരാന്ത്യ ദിനങ്ങളിൽ 50 റിയാലും മറ്റു ദിവസങ്ങളിൽ 30 റിയാലുമാണ് പ്രവേശന ചാർജ്. കോവോയ്, സ്ലിംഗ്ഷോട്ട്, സ്കിൽ ഗെയിമുകൾ, ടെറർ സോൺ എന്നിവ ഒഴികെയുള്ള എല്ലാ ഗെയിമുകളിലേക്കും പ്രവേശനമുള്ള 299 റിയാൽ പാക്കേജും ഫാസ്റ്റ് ട്രാക്ക് പ്രവേശനത്തിന് 499 റിയാലുമാണ് ടിക്കറ്റ് ചാർജ്.