
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിന് ടോസ് വീഴാന്‍ മിനുറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പ് കലാശക്കൊട്ടിന്റെ അവസാന മണിക്കൂറുകളിലും ക്രിക്കറ്റ് പ്രേമികളുടെ മനസിലുയരുന്ന ചോദ്യം പരിചയസമ്പന്നനായ സ്പിന്നര്‍ ആര് അശ്വിനെ ഇന്ത്യ ഇറക്കുമോ എന്നതാണ്. 2011 ലോകകപ്പ് കളിച്ച പരിചയവും അഹമ്മദാബാദ് പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന പ്രവചനങ്ങളും അശ്വിന് അനുകൂലമാണെങ്കിലും പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാത്ത സാഹചര്യത്തില്‍ മൂന്ന് പേസര്‍മാരെ ഇറക്കുന്ന വിജയ ഫോര്മേഷന് രോഹിത് ശര്‍മ്മ പൊളിക്കുമോ എന്ന ചോദ്യമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ മാനത്ത് തളംകെട്ടി നില്‍ക്കുകയാണ്.
ഫൈനലിലും സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോൾ ഉണ്ടാകുമെന്നാണ് അഹമ്മദാബാദ് പിച്ചിലെ പ്രവചനം. അധികം ബൗണ്‍സും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ മാസം ഇന്ത്യ-പാകിസ്ഥാന് സൂപ്പര്‍ പോരാട്ടം നടന്ന അതേ പിച്ചാണ് ഫൈനലിന് വേദിയാവുന്നത്. പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി മുഹമ്മദ് ഷമിയെയാണ് ഇന്ത്യ കളിപ്പിച്ചുകൊണ്ടിരുന്നത്. വെറും ആറ് കളിയില്‍ 23 വിക്കറ്റുമായി ഷമി വരവ് അതിഗംഭീരമാക്കുകയും ചെയ്തു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് നിര എന്ന ഖ്യാതി നേടിയ മൂവരും വലിയ ഇംപാക്ടുണ്ടാക്കുന്ന താരങ്ങളാണെങ്കിലും അഹമ്മദാബാദിലെ സ്പിന്‍ പ്രതീക്ഷ വച്ച് അശ്വിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരീക്ഷിക്കുമോ എന്നതാണ് ആരാധകരുടെ മനസില്‍ ഉയരുന്ന ചോദ്യം. ഇന്നലെ നടന്ന ഓപ്ഷനല്‍ പരിശീലനത്തില്‍ ആര് അശ്വിന് പങ്കെടുത്തതോടെയാണ് വെറ്ററന്‍ സ്പിന്നര്‍ ഫൈനലില്‍ കളിക്കുമോ എന്ന ആകാംക്ഷ ഉടലെടുത്തത്. നിലവില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് പ്ലേയിംഗ് ഇലവനിലുള്ള സ്പിന്നര്‍മാര്‍. കുല്‍ദീപ് സ്പെഷ്യലിസ്റ്റ് സ്പിന്നറും ജഡേജ നിര്‍ണായക ഓള്റൗണ്ടറുമായതിനാല് രണ്ട് പേരെയും ഇലവനില്‍ നിന്ന് തിടുക്കപ്പെട്ട് മാറ്റാനാവില്ല.
ബൗളിംഗില്‍ നിലവില്‍ നികത്താന്‍ തക്ക ഒഴിവില്ല എന്നതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റം വരുത്തി അശ്വിനെ കളിപ്പിക്കാനാകുമോ എന്നും പരിശോധിക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പുറമെ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റിംഗ് ലൈനപ്പ് പൊളിക്കുക ഒരിക്കലും സാധ്യമല്ല. ടീമിലെ എക്സ് ഫാക്ടറായ സൂര്യയെ വലിച്ച് അശ്വിനെ ഇറക്കുക എന്നത് മാത്രമാണ് നിലവില്‍ മുന്നിലുള്ള ഏക പോംവഴി. എന്നാല്‍ ഇതൊരു വലിയ മണ്ടന്‍ തീരുമാനേയാക്കും എന്നതിനാല്‍ ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച അതേ പ്ലേയിംഗ് ഇലവനെ ഫൈനലില്‍ ഓസീസിനെതിരെ നിലനിര്‍ത്താണ് സാധ്യത.
Last Updated Nov 19, 2023, 12:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]