ചേർത്തല: നഗരത്തിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ മോഷണം. 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും പതിനായിരത്തോളം രൂപയും കവർന്നു.
ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ലത ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ‘ബ്രദേഴ്സ്’ ഭാഗ്യക്കുറി ശാലയിലാണ് തിങ്കളാഴ്ച പുലർച്ചെ കവർച്ച നടന്നത്. അടുത്തുള്ള വീടിൻ്റെ ഗേറ്റ് ചാടിക്കടന്ന് സ്ഥാപനത്തിൻ്റെ വളപ്പിൽ പ്രവേശിച്ച മോഷ്ടാവ്, ജനലിൻ്റെ കമ്പികൾ അറുത്തുമാറ്റി ഗ്രില്ല് തകർത്താണ് അകത്ത് കയറിയത്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി ലോട്ടറികളുടെ 5143 ടിക്കറ്റുകളാണ് നഷ്ടമായത്. രാവിലെ കട
തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് ചേർത്തല പോലീസ് സ്ഥലത്തെത്തി.
പുലർച്ചെ 2.45-ന് നീല മഴക്കോട്ട് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.
കടയിൽ നിന്ന് മണം പിടിച്ച പോലീസ് നായ, നടക്കാവ് റോഡിലൂടെ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി പാരഡൈസ് സിനിമാ തിയേറ്ററിന് സമീപം യാത്ര അവസാനിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദ് അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

