കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി കുവൈത്തിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി മത്സരിക്കും. ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന കായിക മാമാങ്കത്തിൽ കുവൈത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ നിഹാൽ കമാലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ഒളിമ്പിക് മാതൃകയിൽ 12 ദിവസം നീണ്ടുനിൽക്കുന്ന ഈ കായികമേളയിൽ 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 8,000 യുവ കായികതാരങ്ങൾ മാറ്റുരയ്ക്കും. 100 മീറ്റർ ഓട്ടത്തിലും 1000 മീറ്റർ മെഡ്ലി റിലേയിലുമാണ് നിഹാൽ ഇന്ത്യയ്ക്ക് വേണ്ടി ട്രാക്കിലിറങ്ങുക.
ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 40-ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശേഷം നിഹാൽ നിലവിൽ ദില്ലിയിലെ ദേശീയ കോച്ചിംഗ് ക്യാമ്പിൽ പരിശീലനത്തിലാണ്. ഈ മാസം ആദ്യം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബാംഗ്ലൂർ ക്യാമ്പസിലും നിഹാൽ പരിശീലനം പൂർത്തിയാക്കിയിരുന്നു.
കുവൈത്തിലെ ദില്ലി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ നിഹാൽ, ഇന്ത്യയിലും കുവൈത്തിലുമായി സ്കൂൾ, ദേശീയ തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അത്ലറ്റിക്സിലെ ഈ മികവും കഠിനാധ്വാനവുമാണ് അന്താരാഷ്ട്ര വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ നിഹാലിന് അവസരമൊരുക്കിയത്.
ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ കർണാടക, കേരള സംസ്ഥാനങ്ങളിൽ നിന്നുള്ള ഏക കായിക താരമെന്ന സവിശേഷതയും നിഹാലിനുണ്ട്. കാസർഗോഡ് മൊഗ്രാൽ പുത്തൂർ ബള്ളൂർ സ്വദേശി മുഹമ്മദ് കമാലിന്റെയും പൊയിനാച്ചി മൈലാട്ടി സ്വദേശിനി റഹീന കമാലിന്റെയും മകനാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

